ആഭ്യന്തരയുദ്ധം നടക്കുന്ന സുഡാനിലെ തലസ്ഥാനത്തിനടുത്തുള്ള തിരക്കേറിയ മാർക്കറ്റിൽ ഷെല്ലാക്രമണം. ആക്രമണത്തിൽ നൂറിലധികം പേർ മരിക്കുകയും നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഒംദുർമാൻ നഗരത്തിൽ ശനിയാഴ്ച നടന്ന ആക്രമണത്തിന് ഉത്തരവാദി അർധസൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്സാണെന്ന് എം എസ് എഫും സുഡാനീസ് അധികൃതരും പറഞ്ഞു. എന്നാൽ ആർ എസ് എഫ് ഇത് നിഷേധിച്ചു.
കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്ന് സുഡാനീസ് ഡോക്ടേഴ്സ് യൂണിയൻ പറയുന്നു. കഴിഞ്ഞ 22 മാസത്തിലേറെയായി പതിനായിരക്കണക്കിന് ആളുകളെ കൊല്ലുകയും ലോകത്തിലെ ഏറ്റവും മോശമായ മാനുഷികദുരന്തങ്ങളിലൊന്നായി യു എൻ വിശേഷിപ്പിക്കുകയും ചെയ്ത സുഡാനിൽ ആർ എസ് എഫിൽ നിന്ന് പൂർണ്ണനിയന്ത്രണം വീണ്ടെടുക്കാൻ ലക്ഷ്യമിട്ട് തലസ്ഥാന നഗരമായ കാർട്ടൂമിൽനിന്ന് നൈൽ നദിക്കു കുറുകെ സ്ഥിതിചെയ്യുന്ന ഒംദുർമനിൽ സൈന്യം ആക്രമണം ശക്തമാക്കിയിട്ടുണ്ട്.
ആർ എസ് എഫ് നിയന്ത്രണത്തിലുള്ള പടിഞ്ഞാറൻ ഒംദുർമാനിൽ നിന്നാണ് ശനിയാഴ്ച പീരങ്കി ഷെല്ലാക്രമണം ഉണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.