നേപ്പാൾ പൊതുതെരഞ്ഞെടുപ്പിൽ വിജയം ആവർത്തിച്ച് പ്രധാനമന്ത്രി ഷേർ ബഹാദൂർ ദേബ. തുടർച്ചയായി ഏഴാം തവണയാണ് അദ്ദേഹം വിജയം നേടുന്നത്. ദാദൽദുര നിയോജക മണ്ഡലത്തിൽ നിന്നാണ് ദേബ തെരഞ്ഞെടുക്കപ്പെട്ടത്.
ജനപ്രതിനിധി സഭയിലേക്കും ഏഴ് പ്രവിശ്യാ അസംബ്ലികളിലേക്കുമുള്ള തെരഞ്ഞെടുപ്പ് ഞായറാഴ്ചയാണ് നടന്നത്. നേപ്പാൾ പാർലമെൻറിൽ ആകെ 275 അംഗങ്ങളാണുള്ളത്. ഇതിൽ 165 പേർ നേരിട്ടുള്ള വോട്ടെടുപ്പിലൂടെയും ബാക്കി 110 പേരെ ആനുപാതിക തിരഞ്ഞെടുപ്പിലൂടെയുമാണ് തിരഞ്ഞെടുക്കുന്നത്. അതുപോലെ, പ്രവിശ്യാ അസംബ്ലികളിൽ ആകെയുള്ള 550 അംഗങ്ങളിൽ 330 പേരെ നേരിട്ടും 220 പേരെ ആനുപാതിക രീതിയിലുമാണ് തിരഞ്ഞെടുക്കുന്നത്.
മുൻപ് 1995–1997, 2001–2002, 2004–2005, 2017–2018 കാലഘട്ടങ്ങളിൽ ദേബ നേപ്പാൾ പ്രധാനമന്ത്രിയായിരുന്നിട്ടുണ്ട്. 2016 മുതൽ നേപ്പാളി കോൺഗ്രസിന്റെ പ്രസിഡന്റുമാണ് ഇദ്ദേഹം.