Sunday, November 24, 2024

ഷെര്‍ലക്ക് ഹോംസ്; കഥാകാരനേക്കാള്‍ വളര്‍ന്ന കഥയും കഥാപാത്രവും

സ്‌കോട്ടിഷ് എഴുത്തുകാരനായ ആര്‍തര്‍ കോനന്‍ ഡോയലിന്റെ (1859-1930) അതിപ്രശസ്തമായ ഡിറ്റക്ടീവ് സീരിസാണ് ഷെര്‍ലക്ക് ഹോംസ് കഥകള്‍. കുറ്റാന്വേഷണ ശാസ്ത്രശാഖയെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച, ലോകത്തിലെ കുറ്റാന്വേഷകരുടെ മാര്‍ഗദര്‍ശി കൂടിയാണ് ഷെര്‍ലക്ക് ഹോംസ് കഥാപാത്രമായി വരുന്ന നോവലുകളും ചെറുകഥകളും. സര്‍ ആര്‍തര്‍ കോനന്‍ ഡോയലിന്റെ വിഖ്യാതമായ കുറ്റാന്വേഷണ നോവലുകളിലെ കുറ്റാന്വേഷകനായ കഥാപാത്രമാണ് ഷെര്‍ലക് ഹോംസ്.

സങ്കല്പത്തേക്കാള്‍ വിചിത്രമായ അത്ഭുതകരമായ യാഥാര്‍ത്ഥ്യങ്ങളുടെ ലോകമാണ് സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍ ഷെര്‍ലക് ഹോംസ് കഥകളില്‍ കാണിച്ചുതരുന്നത്. ലണ്ടനിലെ ബേക്കര്‍സ്ട്രീറ്റിലെ 221 B എന്ന മുറിയില്‍ താമസമാക്കി തന്റെ സന്തത സഹചാരിയായ ഡോ. വാട്‌സണൊപ്പം ഹോംസ് നടത്തുന്ന കുറ്റാന്വേഷണം വളരെയധികം ഉദ്വേഗജനകമാണ്.

എ സ്റ്റഡി ഇന്‍ സ്‌കാര്‍ലെറ്റ് എന്ന 1887-ല്‍ പുറത്തിറങ്ങിയ നോവലിലാണ് ഹോംസ് എന്ന കഥാപാത്രം ആദ്യമായി പുറത്തുവന്നത്. മൊത്തം നാല് നോവലുകളിലും 56 ചെറുകഥകളിലും ഹോംസ് പ്രത്യക്ഷപ്പെടുന്നുണ്ട്. ദി കേസ് ബുക്ക് ഓഫ് ഷെര്‍ലക്ക് ഹോംസ് എന്ന ചെറുകഥാസമാഹാരത്തിലാണ് ഡോയലിന്റെ സൃഷ്ടിയായി ഹോംസ് അവസാനം പ്രത്യക്ഷപ്പെട്ടത്.

ഡോയലിനു ശേഷം മറ്റ് സാഹിത്യകാരന്മാരും ഹോംസിനെ കഥാപാത്രമാക്കി നോവലുകളും ചെറുകഥകളും രചിച്ചിട്ടുണ്ട്. നാല് ചെറുകഥകള്‍ ഒഴികെയുള്ള രചനകളെല്ലാം ഹോംസിന്റെ സുഹൃത്തായ ജോണ്‍ വാട്‌സണ്‍ ആഖ്യാനം ചെയ്യുന്ന രീതിയിലാണ് രചിക്കപ്പെട്ടിട്ടുള്ളത്. ഷെര്‍ലക് ഹോംസ് നായകനാകുന്ന 56 കഥകളും 4 നോവലുകളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അവയെല്ലാം തന്നെ മലയാളത്തിലേക്കും പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്.

ആര്‍തര്‍ കോനന്‍ ഡോയല്‍

അപസര്‍പ്പകകഥകളുടെ അപൂര്‍വ്വസമാഹാരം

പത്തൊമ്പതാം നൂറ്റാണ്ടിലെ ലണ്ടന്‍ നഗരജീവിതത്തിന്റെ സമസ്തഭാവങ്ങളും ആവാഹിക്കുന്ന അപസര്‍പ്പകകഥകളുടെ അപൂര്‍വ്വസമാഹാരമാണിത്. വിക്ടോറിയന്‍ ലണ്ടനിലെ മഞ്ഞുമൂടിയ തെരുവുകളിലേക്ക് വഞ്ചനയ്ക്കും ഉപജാപങ്ങള്‍ക്കും തിന്മയ്ക്കുമെതിരെ പോരാടാനിറങ്ങിയ ഷെര്‍ലക് ഹോംസ് ഇന്നും ലോകത്തെ ഏറ്റവും പ്രിയങ്കരനായ കുറ്റാന്വേഷകനാണ്. വായിച്ചുതുടങ്ങിയാല്‍ നിര്‍ത്താന്‍ തോന്നിപ്പിക്കാത്ത ആഖ്യാനശൈലി പുസ്തകത്തെ വ്യത്യസ്തമാക്കുന്നു. ഡിറ്റക്ടീവ് വിഭാഗത്തിലെ ക്ലാസിക് ആയും ഇത് കണക്കാക്കപ്പെടുന്നു. പല രാജ്യങ്ങളിലെയും പോലീസ് അക്കാഡമികളില്‍ ഈ ഗ്രന്ഥങ്ങള്‍ പാഠപുസ്തകമാവുകയും ചെയ്തിട്ടുണ്ട്.

സൃഷ്ടാവിനേക്കാള്‍ വളര്‍ന്ന അത്ഭുത കഥാപാത്രം

സൃഷ്ടാവിനെക്കാള്‍ പ്രശസ്തി ഒരു കഥാപാത്രത്തിന് ലഭിക്കുക. അത്തരം ഒരു അപൂര്‍വ ഭാഗ്യം ലഭിച്ച വിശ്വസാഹിത്യത്തിലെ തന്നെ അത്ഭുത കഥാപാത്രമാണ് ഷെര്‍ലക് ഹോംസ്. ആമുഖം ആവശ്യമില്ലാത്ത ബന്ധമാണ് സര്‍ ആര്‍തര്‍ കോനന്‍ ഡോയലും ഷെര്‍ലക് ഹോംസും തമ്മിലുള്ളത്. ലോകത്തിലെ ഏറ്റവും
വും പ്രശസ്തനായ എഴുത്തുകാരന്റെ ഏറ്റവും മഹത്തായ സൃഷ്ടി. രാജ്യ, ദേശ, ഭാഷാ അതിര്‍ത്തികള്‍ക്കപ്പുറം ലോകം കീഴടക്കിയ കുറ്റാന്വേഷകനാണു ഷെര്‍ലക് ഹോംസ്. എഴുത്തുകാരനേക്കാള്‍ വളര്‍ന്ന കഥാപാത്രം. ഒരു കഥാപാത്രം എന്നതിനേക്കാള്‍ ജീവിച്ചിരിക്കുന്ന മനുഷ്യന്‍ എന്നുപോലും ലോകത്തെ തെറ്റിധരിപ്പിച്ച പാത്രസൃഷ്ടി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്, സര്‍ ആര്‍തര്‍ കോനന്‍ ഡോയലിനു ലഭിച്ചതിനേക്കാള്‍ കത്തുകള്‍ ലഭിച്ചിട്ടുണ്ട് ഷെര്‍ലക് ഹോംസിന്. ജീവിച്ചിരിക്കുന്ന വ്യക്തി തന്നെയാണ് അന്നും ഇന്നും എന്നും പലര്‍ക്കും ഷെര്‍ലക് ഹോംസ്. സ്രഷ്ടാവിനേക്കാളും താന്‍ പിറന്നുവീണ ഗ്രന്ഥത്തെക്കാളും മഹത്ത്വമാര്‍ന്ന അസ്തിത്വവിശേഷം ഈ കഥാപാത്രത്തിനുണ്ട്. ഷെര്‍ലക് ഹോംസിനെ ബ്രിട്ടനിലെ റോയല്‍ സൊസൈറ്റി ഓഫ് കെമിസ്ട്രി വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചിട്ടുണ്ട്. ലോകത്ത് ആദ്യമായാണ് ഒരു കഥാപാത്രം ഇത്തരത്തിലാദരിക്കപ്പെടുന്നത് .

പേരിന്റെ പിറവി

ഒരുപാട് ആലോചിച്ചാണ് ഡോയല്‍ തന്റെ കഥാപാത്രത്തിന് ഷെര്‍ലക് ഹോംസ് എന്ന പേര് കണ്ടുപിടിച്ചത്. ഷെര്‍ലക് ഹോംസ് എന്ന പേര് ആദ്യമായി കുറിച്ചിട്ട ഡയറി ഇന്നും ബ്രിട്ടീഷ് മ്യൂസിയത്തിലുണ്ട്. അക്കാലത്ത് ജീവിച്ചിരുന്ന ഒലിവര്‍ വെന്‍ഡല്‍ ഹോംസ് എന്ന എഴുത്തുകാരനില്‍ നിന്നാണ് ഡോയല്‍, ഹോംസ് എന്ന പേര് കടമെടുത്തത്. ലണ്ടനില്‍ ജീവിച്ചിരുന്ന ജെയിംസ് എന്നു പേരുള്ള ഒരു ഡോക്ടറുടെ പുനരാവിഷ്‌കാരമായിരുന്നു ഷെര്‍ലക് ഹോംസ്.

 

 

 

 

 

 

 

Latest News