വെറ്ററൻ ഷെർപ്പ ഗൈഡ് കാമി റീത്ത ചൊവ്വാഴ്ച 28-ാം തവണ എവറസ്റ്റ് കീഴടക്കി പുതിയ റെക്കോർഡ് സ്ഥാപിച്ചു. കഴിഞ്ഞ ആഴ്ച തിരുത്തിയ സ്വന്തം പേരിലുള്ള റെക്കോഡ് വീണ്ടും പൊളിച്ചെഴുതിയാണ് കാമി എവറസ്റ്റ് കീഴടക്കിയത്. ഇന്നലെ രാവിലെ 9.20നാണ് അദ്ദേഹം ഒടുവിൽ എവറസ്റ്റിനു മുകളിൽ എത്തിയത്. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണ ആണ് എവറസ്റ്റിനു മുകളിൽ അദ്ദേഹം എത്തുന്നത്.
ഷെർപ്പ ഗൈഡ് പസാങ് ദവ, കാമിയുടെ റെക്കോഡ് നേട്ടത്തിന് അരികിൽ എത്തിക്കൊണ്ട് ഇരുപത്തിയേഴാം പ്രാവശ്യവും എവറസ്റ്റ് കീഴടക്കിയിരുന്നു. ഇതിനെ തുടർന്ന് അദ്ദേഹത്തോട് മത്സരിച്ചാണ് കാമി വീണ്ടും എവറസ്റ്റിനു മുകളിൽ എത്തിയത്.
സ്പ്രിംഗ് ക്ലൈംബിംഗ് സീസണിൽ കുറച്ച് ദിവസങ്ങൾ കൂടി ബാക്കിയുള്ളതിനാൽ, രണ്ട് ഷെർപ്പ ഗൈഡുകളും അവരുടെ ക്ലയന്റുകളെ മഞ്ഞുമൂടിയ കൊടുമുടിയിലേക്ക് സഹായിക്കാൻ മലയിൽ ഉണ്ടായിരുന്നു. ഇതിനിടയിലാണ് റെക്കോഡ് നേട്ടം സംഭവിക്കുന്നത്. ഏറ്റവും മികച്ച കാലാവസ്ഥയുള്ളതിനാൽ അപകടകരമായ മലകയറ്റം നടത്താൻ ഏറ്റവും തിരക്കുള്ള മാസമാണ് മെയ്.
1994-ലാണ് കാമി റീത്ത ആദ്യമായി എവറസ്റ്റ് കീഴടക്കിയത്. അതിനുശേഷം ഏതാണ്ട് എല്ലാ വർഷവും ഈ യാത്ര നടത്തുന്നു. പർവതത്തിന്റെ മുകളിൽ എത്താൻ ആഗ്രഹിക്കുന്ന വിദേശ പർവതാരോഹകരുടെ സുരക്ഷയ്ക്കും വിജയത്തിനും ഇടയിൽ നിൽക്കുന്ന വിദഗ്ധരായ മാർഗ്ഗനിർദേശികൾ ആയി അനേകം ഷെർപ്പകൾ ഉണ്ട്. അത്തരം ഗൈഡുകളിൽ ഒരാളാണ് കാമിയും.