Sunday, November 24, 2024

ഭീകരതയുടെ ഇരയായി നിബിനും: ഇസ്രായേലില്‍ എത്തിയിട്ട് വെറും രണ്ടുമാസം, ഭാര്യ ഏഴുമാസം ഗര്‍ഭിണി; ദുരന്ത വാര്‍ത്തയില്‍ നടുക്കം മാറാതെ കുടുംബം

തിങ്കളാഴ്ച ഉച്ചയോടെ ഇസ്രായേലില്‍ ഹിസ്ബുള്ള ഭീകരരുടെ മിസൈലാക്രമണത്തില്‍ കൊല്ലം സ്വദേശി നിബിന്‍ മാക്സ്വെല്‍ കൊല്ലപ്പെട്ടിരുന്നു. പരിക്കേറ്റവരിലും മലയാളികളുണ്ട്. ഇടുക്കി സ്വദേശികളായ പോള്‍ മെല്‍വിന്‍, ബുഷ് ജോസഫ് ജോര്‍ജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. മിസൈല്‍ ആക്രമണം നടക്കുമ്പോള്‍ മൂവരും തോട്ടത്തില്‍ കൃഷി ചെയ്യുകയായിരുന്നുവെന്ന് എംബസി പ്രസ്താവനയില്‍ അറിയിച്ചു. പരിക്കേറ്റവരെല്ലാം കാര്‍ഷിക മേഖലയിലെ ജോലിക്കാരായിരുന്നു. നിബിന്റെ ഭാര്യാമാതാവ് സിന്ധുവും മകള്‍ ഫെബീനയും ഭര്‍ത്താവ് അഖിലുമടക്കമുള്ളവര്‍ ഇസ്രയേലിലാണ്.

അപ്രതീക്ഷിതമായി മകന്റെ മരണ വാര്‍ത്തയറിഞ്ഞ ഞെട്ടലിലാണ് നിബിന്റെ കുടുംബം. കൊല്ലപ്പെട്ട നിബിന്റെ ഭാര്യ ഏഴുമാസം ഗര്‍ഭിണിയാണ്. കൂടാതെ ഇവര്‍ക്ക് അഞ്ചു വയസ്സുള്ള ഒരു മകളും ഉണ്ട്. ജോലിതേടി ഇസ്രായേലിലേയ്ക്കു പോയ മകന്‍ കൊല്ലപ്പെട്ട വിവരം ഉള്‍ക്കൊള്ളാനാകാതെ അലറിക്കരയുകയായിരുന്നു നിബിന്റെ അമ്മ. ഗര്‍ഭിണിയായ നിബിന്റെ ഭാര്യ ഫിയോണയ്ക്ക് വിവരമറിഞ്ഞ് ദേഹാസ്വാസ്ഥ്യമുണ്ടായി. അവശനിലയിലായ ഇവരെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അച്ഛന്‍ തങ്ങളെ വിട്ടുപോയത് തിരിച്ചറിയാനാകാത്ത അവസ്ഥയിലായിരുന്നു മകള്‍ അമിയ.

‘വൈകിട്ട് 4:30 ഓടെ എന്റെ മരുമകള്‍ ആണ് എന്നെ വിളിച്ച് നിബിന് അപകടം സംഭവിച്ചതായി പറഞ്ഞത്. ഒരു ബന്ധുവാണ് അവരെ അപകടവിവരം അറിയിച്ചത്. പിന്നീട് ഏകദേശം പന്ത്രണ്ടരയോടെയാണ് മകന്റെ മരണവിവരം ഞങ്ങളെ അറിയിച്ചത്’. നിബിന്റെ പിതാവ് പറഞ്ഞു. നിബിന്‍ ഉള്‍പ്പെടെ മൂന്നു മക്കളാണ് പത്രോസിനുള്ളത്. രണ്ട് പേര്‍ ഇസ്രായേലിലും ഒരാള്‍ അബുദാബിയിലും ആണ് ജോലി ചെയ്യുന്നത്. എംബസിയുമായി ബന്ധപ്പെടേണ്ടതിനാല്‍ മൃതദേഹം നാല് ദിവസത്തിനകം ഇന്ത്യയിലെത്തിക്കുമെന്നാണ് മൂത്ത മകന്‍ (നിവിന്‍) പറഞ്ഞത് എന്നും നിബിന്റെ പിതാവ് അറിയിച്ചു.

അപകടത്തിന് മുമ്പ്, നിബിന്‍ അച്ഛനോട് സംസാരിക്കുകയും അവിടത്തെ സാഹചര്യത്തെ കുറിച്ച് ആശങ്ക പങ്കുവെക്കുകയും ചെയ്തിരുന്നു. ഫാമില്‍ ജോലി ചെയ്യുന്ന മലയാളികളെല്ലാവരും കൂടി മറ്റൊരു സ്ഥലത്തേക്ക് മാറാന്‍ പോവുകയാണെന്നും നിബിന്‍ അച്ഛനോട് പറഞ്ഞിരുന്നുവെന്ന് കൊല്ലത്തെ നിബിന്റെ ബന്ധു പ്രതികരിച്ചു. കൊല്ലം മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ കൈക്കുളങ്ങര സ്വദേശിയായ നിബിന്‍ മാക്സ്വെല്‍ രണ്ട് മാസം മുമ്പാണ് ജോലിക്കായി ഇസ്രായേലിലേക്ക് പോയത്.

ഈ ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍ ന്യൂഡല്‍ഹിയിലെ ഇസ്രായേല്‍ എംബസിയും പ്രതികരിച്ചു. ‘ജോലി ചെയ്തു കൊണ്ടിരുന്ന കര്‍ഷകത്തൊഴിലാളികള്‍ക്ക് നേരെ ഷിയാ ഭീകര സംഘടനയായ ഹിസ്ബുള്ള നടത്തിയ ഭീകരാക്രമണത്തില്‍ ഒരു മലയാളി യുവാവ് മരണപ്പെട്ടതും മറ്റ് രണ്ട് പേര്‍ക്ക് പരിക്കേറ്റതും വളരെ വിഷമകരവും ഞെട്ടിപ്പിക്കുന്നതുമായ വാര്‍ത്തയാണ്. ഞങ്ങളുടെ പ്രാര്‍ത്ഥന ഇവരുടെ കുടുംബത്തോടൊപ്പം ഉണ്ട്. പരിക്കേറ്റവര്‍ക്ക് ഇസ്രായേല്‍ ആശുപത്രിയില്‍ നിന്ന് മികച്ച ചികിത്സ ഉറപ്പാക്കും’. ഇസ്രായേല്‍ എംബസി എക്സില്‍ കുറിച്ചു.

സ്വപ്‌നങ്ങളും ജീവിതവും തല്ലിത്തകര്‍ക്കുന്ന ഭീകരത

ലെബനനിലെ ഷിയ ഹിസ്ബുള്ള വിഭാഗം നടത്തിയ മിസൈല്‍ ആക്രമണത്തിലാണ് ലിബിന്‍ കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെ ഇസ്രയേലിന്റെ വടക്കന്‍ അതിര്‍ത്തി പ്രദേശമായ മാര്‍ഗലിയോട്ടിലാണ് ആക്രമണമുണ്ടായത്. ഇസ്രയേലുമായുള്ള ഏറ്റുമുട്ടലില്‍ ഹമാസിനെ പിന്തുണയ്ക്കുന്ന വിഭാഗമാണ് ഷിയ ഹിസ്ബുള്ള. ഒക്ടോബര്‍ ഏഴിന് ഹമാസ്-ഇസ്രയേല്‍ സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെ തന്നെ ഷിയ ഹിസ്ബുള്ള വിഭാഗം ഇസ്രയേലിന്റെ വടക്കന്‍ അതിര്‍ത്തികളില്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു.

ഇത്തരത്തിലുള്ള ഭീകരരുടെ ആക്രമണങ്ങളില്‍ ജീവനും ജീവിതവും നഷ്ടപ്പെടുന്നത് നിഷ്‌കളങ്കരായ കുറേ മനുഷ്യര്‍ക്കാണ്, അവരുടെ കുടുംബങ്ങള്‍ക്കാണ്. ഇസ്രായേലിലോ പാലസ്തീനിലോ നടക്കുന്ന യുദ്ധവും പരസ്പരാക്രമണങ്ങളും നമ്മെയൊന്നും ബാധിക്കുന്നില്ലല്ലോ എന്നോര്‍ത്ത് ആശ്വസിക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പു കൂടിയാണ് മലയാളിയായ ലിബിന്റെ മരണം. ഭീകരത നമ്മുടെ സഹോദരനേയും കൊലപ്പെടുത്തിയിരിക്കുന്നു, അവന്റെ കുടുംബത്തെ അനാഥമാക്കിയിരിക്കുന്നു. അതേ…മനുഷ്യജീവന് പുല്ലുവില നല്‍കുന്ന ഭീകരപ്രസ്ഥാനങ്ങളും ഭീകരവാദികളും അകലെയല്ല, അവര്‍ എപ്പോള്‍ വേണമെങ്കിലും നമ്മേയും തേടിയെത്താം. അതുകൊണ്ട് എത്ര അകലങ്ങളിലിരുന്നായാലും യുദ്ധത്തിനും ഭീകരതയ്ക്കുമെതിരെ ശബ്ദമുയര്‍ത്തിയേ മതിയാവൂ…ലോകമൊന്നാകെ ഒറ്റക്കെട്ടായി നിന്നുകൊണ്ട് പടപൊരുതിയേ തീരൂ….

 

Latest News