ചന്ദ്രയാന്‍ 3 ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയ സ്ഥാനത്തിന് ഇന്ത്യ നല്കിയ ശിവശക്തി പോയിന്റ് എന്ന പേരിന് അന്താരാഷ്ട്ര അംഗീകാരം. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍-3 ചന്ദ്രനില്‍ ഇറങ്ങിയസ്ഥലത്തിന് രാജ്യം നല്കിയ ‘ശിവശക്തി പോയിന്റ്’ എന്നപേര് ഇന്റര്‍നാഷണല്‍ അസ്ട്രൊണമിക്കല്‍ യൂണിയന് (ഐ.എ.യു.) അംഗീകരിച്ചു. ഓഗസ്റ്റ് 23നാണ് ചന്ദ്രയാന്‍ 3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തിയത്. 26ന് മോദി പേര് പ്രഖ്യാപിച്ചു.
ഈമാസം 19-നാണ് ഐ.എ.യു. ഈ പേരിന് അംഗീകാരം നല്‍കിയത്. ഗ്രഹങ്ങളുടെ ഉപരിതലങ്ങള്‍ക്ക് പേരുനല്കാന് അന്താരാഷ്ട്ര അംഗീകാരമുള്ള അതോറിറ്റിയാണ് ഐ.എ.യു. ഗ്രഹങ്ങളുടെയും ഉപഗ്രഹങ്ങളുടെയും ഉപരിതല സവിശേഷതകള്‍ തിരിച്ചറിയാനാണ് നാമകരണം നടത്തുന്നത്. ഐ.എ.യു. ഗ്രഹവ്യവസ്ഥയുടെ നാമകരണത്തിനുള്ള ഐഎയുവിന്റെ വര്‍ക്കിങ് ഗ്രൂപ്പ് ശിവശക്തി പോയിന്റ് എന്ന പേര് അംഗീകരിച്ചതായി സംഘടന ഔദ്യോഗികമായി അറിയിച്ചു.
ഇനി ശാസ്ത്ര സംബന്ധമായ ഏതു വേദിയിലും പ്രസിദ്ധീകരണങ്ങളിലും ഈ പേര് ഉപയോഗിക്കാം. ഭാരതീയ ദര്‍ശനപ്രകാരം ശിവന് പുരുഷനും ശക്തി അതിനു കരുത്തുനല്കുന്ന സ്ത്രീയുമാണ്. പ്രകൃതിയുടെ പരസ്പര പൂരകരൂപങ്ങളാണിവയെന്ന് ഐഎയു പറഞ്ഞു.