ഇരട്ട എഞ്ചിനുകളുള്ള റഫാൽ യുദ്ധവിമാനം പറത്തുന്ന ആദ്യ വനിതാ പൈലറ്റെന്ന ഖ്യാദി ഫ്ലൈറ്റ് ലെഫ്റ്റനന്റ് ശിവാംഗി സിംഗിനു സ്വന്തം. റഫാൽ സ്ക്വാഡ്രണിലെ ഏക വനിതാ യുദ്ധവിമാന പൈലറ്റും ശിവാംഗി തന്നെയാണ്. പഞ്ചാബിലെ അംബാല ആസ്ഥാനമായുള്ള എയർഫോഴ്സിന്റെ ഗോൾഡൻ ആരോസ് സ്ക്വാഡ്രണിൻറെ അംഗമായ ശിവാംഗി ഫ്രാൻസിലെ ഓറിയോൺ യുദ്ധാഭ്യാസത്തിൽ പങ്കെടുത്തിരുന്നു.
ചൈനയുമായി തുടരുന്ന അതിർത്തി സംഘർഷത്തിനിടയിൽ, പ്രദേശത്ത് വിമാനം പറത്തിയതിന്റെയും ഫ്രാൻസിൽ നടന്ന ഓറിയോൺ അഭ്യാസത്തിലുമാണ് ശിവാംഗി സിംഗ് റഫാൽ പറത്തുന്നത്. ഇതു സംബന്ധിച്ച വിവരം ഒരു അഭിമുഖത്തിലാണ് ശിവാംഗി വെളിപ്പെടുത്തിയത്. ഉത്തർപ്രദേശിലെ വാരണാസി സ്വദേശിനിയായ ഇവർ 2017 ലാണ് ഇന്ത്യൻ വ്യോമസേനയിൽ ചേരുന്നത്. തുടർന്ന് ഐഎഎഫിന്റെ വനിതാ യുദ്ധവിമാന പൈലറ്റുമാരുടെ രണ്ടാം ബാച്ചിലേക്ക് കമ്മീഷൻ ചെയ്യപ്പെടുകയായിരുന്നു.
പിന്നീട് മിഗ്-21 ബൈസൺ വിമാനം ശിവാംഗി പറത്തുകയും, ശേഷം 2020ൽ റാഫാൽ യുദ്ധ വിമാന പൈലറ്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. കഠിനമായ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് ശേഷമായിരുന്നു ഇതെന്നും അവർ വെളിപ്പെടുത്തി.
2020 ജൂലൈ 29നാണ് റഫാൽ ജെറ്റുകളുടെ ആദ്യ ബാച്ച് ഇന്ത്യയിലെത്തുന്നത്. ആകാശത്ത് നിന്നുകൊണ്ട് താഴെ ഭൂമിയിലേക്ക് ആക്രമണം നടത്താനും ശത്രു വിമാനങ്ങളോട് പോരാടാനും ശേഷിയുള്ളവയാണ് റഫാൽ വിമാനങ്ങൾ.