സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ശ്രീലങ്കയിലെ സ്ഥിതി അതീവഗുരുതരമാകുന്ന സാഹചര്യത്തില്‍ പ്രതിഷേധക്കാരെ കണ്ടാല്‍ ഉടന്‍ വെടിവെയ്ക്കാന്‍ ഉത്തരവ്. പൊതുമുതല്‍ നശിപ്പിക്കുന്നവരേയും കൊള്ള നടത്തുന്നവരേയും കണ്ടാല്‍ വെടിവെയ്ക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ശ്രീലങ്കന്‍ പ്രതിരോധമന്ത്രി നിര്‍ദേശം നല്കി. മഹിന്ദ രാജപക്സെയുടെ കുരുണേഗലയിലുള്ള വീടിനും ഹംബന്‍ടോട്ടയിലെ മെഡമുലനയിലുള്ള രാജപക്സെമാരുടെ കുടുംബവീടിനും പ്രക്ഷോഭകര്‍ തീയിട്ടതിന് പിന്നാലെയാണ് ഉത്തരവ്.
ജനകീയ പ്രക്ഷോഭങ്ങള്‍ക്കിടെ രാജിവച്ച പ്രധാനമന്ത്രി മഹിന്ദ രാജപക്സെ നാടു വിടുമെന്ന് അഭ്യൂഹം പരന്നതോടെ നാവികതാവളവും അവിടേയ്ക്കുള്ള റോഡും പ്രക്ഷോഭകര്‍ വളഞ്ഞു. ചൊവ്വ പുലര്‍ച്ചെ ഔദ്യോഗിക വസതി വിട്ട മഹിന്ദയും കുടുംബവും ട്രിങ്കോമാലി നാവികതാവളത്തിലേയ്ക്കാണു പോയതെന്ന റിപ്പോര്്ട്ടുകളെ തുടര്‍ന്നാണു പ്രക്ഷോഭകര്‍ അവിടെ വളഞ്ഞത്.
കലാപത്തില്‍ രണ്ട് പോലീസുകാരുള്‍പ്പെടെ എട്ട് പേര് കൊല്ലപ്പെട്ടതായും 65 വീടുകള്‍ക്ക് നാശം സംഭവിച്ചതായും പോലീസ് അറിയിച്ചു. ഇതില്‍ 41 വീടുകള്‍ തീവെച്ച് നശിപ്പിക്കപ്പെട്ടു. 88 കാറുകളും നിരവധി ഇരുചക്രവാഹനങ്ങളും ബസുകളും നശിപ്പിക്കപ്പെട്ടതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.