സ്വീഡനിലെ ഒരു വിദ്യാഭ്യാസകേന്ദ്രത്തിലുണ്ടായ വെടിവയ്‌പ്പിൽ പത്തുപേർ കൊല്ലപ്പെട്ടു. തോക്കുധാരിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെയാണ് കൊല്ലപ്പെട്ടിരിക്കുന്നതെന്നാണ് പൊലീസ് നൽകിയ വിവരം.
തലസ്ഥാന നഗരമായ സ്റ്റോക്ക്ഹോമിൽ നിന്ന് 200 കിലോമീറ്റർ (124 മൈൽ) പടിഞ്ഞാറ് ഒറെബ്രോയിലെ റിസ്ബെർഗ്സ്ക സ്കൂളിൽ ചൊവ്വാഴ്ച നടന്ന ആക്രമണത്തെ ‘സ്വീഡിഷ് ചരിത്രത്തിലെ ഏറ്റവും മോശമായ കൂട്ട വെടിവയ്പ്പ്’ എന്നാണ് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്‌സൺ വിശേഷിപ്പിച്ചത്.
കൊല്ലപ്പെട്ടവരിൽ പുരുഷ കുറ്റവാളിയും ഉൾപ്പെട്ടിരിക്കാമെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിനുള്ള വ്യക്തമായ കാരണങ്ങൾ പെട്ടെന്ന് പറയാനാകില്ലെന്നും അക്രമി ഒറ്റയ്ക്കാണ് പ്രവർത്തിച്ചതെന്നും കരുതുന്നതായി പൊലീസ് വ്യക്തമാക്കി. പരിക്കേറ്റവരിൽ നിരവധിപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറഞ്ഞത് നാലുപേരെങ്കിലും ശസ്ത്രക്രിയയ്ക്ക് വിധേയരാക്കി.
അഞ്ചുപേർക്ക് വെടിയേറ്റതായി പൊലീസ് ആദ്യം പറഞ്ഞിരുന്നു. കൊലപാതകശ്രമം, തീവയ്പ്പ്, ഗുരുതരമായ ആയുധകുറ്റകൃത്യം എന്നീ വകുപ്പുകൾ ചേർത്താണ് സംഭവം അന്വേഷിക്കുന്നത്. ആക്രമണത്തിനുപിന്നിൽ ഒരു ‘ഭീകര’ലക്ഷ്യവും ഉള്ളതായി തോന്നുന്നില്ലെന്നും സ്ഥിരീകരിച്ചു.