Tuesday, November 26, 2024

സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനായി

27 മാസത്തെ ജയില്‍വാസത്തിനൊടുവില്‍ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനായി. യു.പി പോലീസ് രജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസില്‍ സുപ്രീം കോടതിയും ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ അലഹബാദ് ഹൈക്കോടതിയും ജാമ്യം നല്‍കിയതോടെയാണ് കാപ്പന് ജയില്‍ മോചനം സാധ്യമായത്.

“ഞങ്ങള്‍ക്ക് പൂര്‍ണ്ണമായും നീതി ലഭിച്ചിട്ടില്ല. കൂടെയുണ്ടായിരുന്നവരില്‍ പലരും ഇപ്പോഴും കള്ളക്കേസിൽ ജയിലിലാണ്. എന്റെ കൂടെ അറസ്റ്റിലായവരിൽ ഞാനും കൂടെയുണ്ടായിരുന്ന ഡ്രൈവറും മാത്രമാണ് പുറത്തുവന്നത്” – സിദ്ദിഖ് കാപ്പൻ പറഞ്ഞു. ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാനായി പോയ തന്നെ ചോദ്യം ചെയ്യാനായിട്ടാണ് വിളിപ്പിച്ചത്. തുടര്‍ന്ന് ഒരു ദിവസം നിയമവിരുദ്ധ തടങ്കലിലാക്കി. പിന്നീട് പൂർണ്ണമായും കള്ളക്കേസിൽ കുടുക്കി ജയിലിൽ അടക്കുകയായിരുന്നു എന്നും കാപ്പന്‍ കുറ്റപ്പെടുത്തി.

കാപ്പന്‍ ഉള്‍പ്പെടെയുള്ളവരെ 2020 ഒക്ടോബര്‍ അഞ്ചിനാണ് യു.പി പൊലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്ത് വര്‍ഗ്ഗീയകലാപം ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു യു.പി പോലീസ് കേസെടുത്തത്. പിന്നീട് യുഎപിഎ അടക്കമുള്ള ഭീകരകുറ്റങ്ങള്‍ ചുമത്തുകയായിരുന്നു. കേസില്‍ നേരത്തെ സുപ്രീം കോടതി ജാമ്യം അനുവദിച്ചെങ്കിലും ഇ.ഡി റജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം ലഭിക്കാന്‍ വൈകുകയായിരുന്നു. കാപ്പന്റെ അക്കൗണ്ടിലേക്കെത്തിയ 45,000 രൂപയുടെ ഉറവിടം വ്യക്തമാക്കാനായില്ലെന്നാണ് ഇ.ഡി റജിസ്റ്റർ ചെയ്ത കേസ്.

Latest News