ഒമിക്രോണിന്റെ കൂടുതൽ പുതിയ ഉപവകഭേദങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ഇന്ത്യ നാലാമത് കോവിഡ് തരംഗത്തിലേയ്ക്ക് നീങ്ങുകയാണെന്ന സൂചന ആശങ്ക പരത്തുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 1946 പുതിയ കോവിഡ് കേസുകളും 10 കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ദീപാവലി ആഘോഷങ്ങൾ എത്തുന്നതോടെ കോവിഡ് കേസുകളുടെ എണ്ണം കുത്തനെ വർദ്ധിക്കുമോ എന്ന ഉത്കണ്ഠ ആരോഗ്യ വിദഗ്ധരും പങ്കുവയ്ക്കുന്നു.
അതിവ്യാപന ശേഷിയുള്ള ഒമിക്രോൺ വകഭേദത്തിന്റെ പല പുതിയ ഉപവകഭേദങ്ങളും ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്ര, കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഒമിക്രോണിന്റെ പുതിയ ഉപവകഭേദമായ XBB കഴിഞ്ഞ ദിവസങ്ങളിൽ കണ്ടെത്തിയിരുന്നു. ബിജെ.1, ബിഎ.2.75 വകഭേദങ്ങൾ ചേർന്ന് സൃഷ്ടിക്കപ്പെട്ട XBB പ്രതിരോധശേഷിയെ വെട്ടിച്ച് അതിവേഗം പടരുമോ എന്ന ആശങ്കയുണ്ട്.
5,28,923 പേരാണ് ഔദ്യോഗിക കണക്ക് പ്രകാരം ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചത്. നിലവിലെ സജീവ കോവിഡ് കേസുകൾ ആകെ കോവിഡ് അണുബാധകളുടെ 0.06 ശതമാനമാണ്. ദേശീയ കോവിഡ് വിമുക്തി നിരക്ക് 98.76 ശതമാനമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പത്രക്കുറിപ്പ് വ്യക്തമാക്കുന്നു.