ഉത്തരകാശി ജില്ലയിലെ സിൽക്യാര ടണലില്‍ കുടുങ്ങിയ തൊഴിലാളികളെ കണ്ടെത്തുന്നതിനായുള്ള രക്ഷാപ്രവർത്തനം വീണ്ടും ആരംഭിച്ചു. ഡ്രില്ലിംഗ് മെഷീനിലേക്ക് തുരങ്കത്തിന്റെ അവശിഷ്ടങ്ങൾ വീണതിനെതുടർന്ന് താത്ക്കാലികമായി നിര്‍ത്തിവച്ച ദൗത്യമാണ് പുനഃരാരംഭിച്ചത്. നേരത്തെയും സമാനമായി ദൗത്യം നിര്‍ത്തിവച്ചിരുന്നു.
കഴിഞ്ഞദിവസം തുരങ്കത്തിനുള്ളിലേക്ക് അഞ്ചാമത്തെ ട്യൂബ് കടത്തുന്നതിനിടയിലാണ് അവശിഷ്ടങ്ങൾ മെഷീന്റെ ഭാഗത്തേക്കു വീണത്. അവശിഷ്ടങ്ങൾക്കുള്ളിൽ കഠിനമായ ഒരു പദാർഥത്തിന്റെ സാന്നിധ്യമുണ്ടെന്നു സംശയിക്കുന്നതായും അധികൃതര്‍ പങ്കുവച്ചിരുന്നു. ഈ കാരണങ്ങളെ ചൂണ്ടിക്കാട്ടിയായിരുന്നു രക്ഷാദൗത്യം നിര്‍ത്തിവച്ചത്.
അതേസമയം, കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ അടുത്തെത്താൻ ഏകദേശം 45 മുതൽ 60 മീറ്റർവരെ ഡ്രില്ലിംഗ് തുടരേണ്ടിവരുമെന്നാണ് അധികൃതർ കണക്കാക്കുന്നത്. മണിക്കൂറിൽ 5 മീറ്റർ എന്ന രീതിയിലാണ് അമേരിക്കന്‍നിര്‍മ്മിത മെഷീൻ പ്രവർത്തിക്കുന്നത്. ഇത് മുൻപുണ്ടായിരുന്ന മെഷീന്റെ ശേഷിയേക്കാൾ കൂടുതലാണ്. അതിനിടയില്‍ തൊഴിലാളികളുടെ മാനസികാരോഗ്യം നിരീക്ഷിക്കുന്നതിനും അവർക്ക് പിന്തുണ നൽകുന്നതിനുമായി തുടർച്ചയായ ആശയവിനിമയം നടത്തുന്നുണ്ട്. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്ക് പൈപ്പുകളിലൂടെ ഭക്ഷണവും വെള്ളവും ഓക്സിജനും നൽകുന്നതായും അധികൃതര്‍ വ്യക്തമാക്കി.