Monday, November 25, 2024

സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ല: പ്രതികരണവുമായി കെ റെയില്‍

സംസ്ഥാന സര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതിയായ സില്‍വര്‍ ലൈന്‍ ഉപേക്ഷിച്ചിട്ടില്ല എന്ന് വ്യക്തമാക്കി കെ റെയില്‍. പദ്ധതി ഉപേക്ഷിച്ചെന്ന പ്രചരണം ശക്തമാകുന്നതിനിടയിലാണ് കെ റെയിലിന്‍റെ പ്രതികരണം.

കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ പദ്ധതി ഉപേക്ഷിച്ചതായി തീരുമാനമെടുത്തിട്ടില്ല. അത്തരം പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണ്. പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയതിനെതുടര്‍ന്ന് ആരംഭിച്ച പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് വരികയാണ്. റെയില്‍വേ ബോര്‍ഡിന്റെ അന്തിമാനുമതി കിട്ടുന്ന മുറയ്ക്ക്, സില്‍വര്‍ ലൈന്‍ പദ്ധതിയുടെ തുടര്‍ നടപടികളിലേക്ക് കടക്കുമെന്നും കെ റെയില്‍ വ്യക്തമാക്കി.

പദ്ധതിയുമായി ബന്ധപ്പെട്ട ഹൈഡ്രോളജിക്കല്‍ പഠനം, സമഗ്ര പരിസ്ഥിതിഘാത വിലയിരുത്തല്‍ പഠനം, കണ്ടല്‍ക്കാടുകളുടെ സംരക്ഷണം, തീരദേശ പരിപാലനം തുടങ്ങിയ വിവിധ പഠനങ്ങള്‍ വിവിധ ഏജന്‍സികള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും കെ റെയില്‍ വിശദീകരിച്ചു. പദ്ധതി കടന്ന് പോകുന്ന ഒമ്പത് ജില്ലകളില്‍ ഇന്ത്യന്‍ റെയില്‍വേയുടെ ഭൂമി സില്‍വര്‍ ലൈനിന് ആവശ്യമായി വരുമെന്നും കെ റെയിൽ പറയുന്നു. പദ്ധതിയായി ബന്ധപ്പെട്ട് വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്ത് ഉണ്ടായത്.

അതേസമയം കഴിഞ്ഞ ദിവസം പദ്ധതിയില്‍ നിന്ന് പിന്മാറുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന്‍റെ ഭാഗമായി പദ്ധതിക്കായി നിയോഗിച്ച റവന്യു ഉദ്യോഗസ്ഥരെ തിരിച്ചു വിളിക്കാനും തീരുമാനിച്ചിരുന്നു. കേന്ദ്രാനുമതി ലഭിച്ച ശേഷം തുടര്‍ നടപടികള്‍ മതിയെന്നാണ് സര്‍ക്കാരിന്‍റെ നിലപാട്.

Latest News