സില്‍വര്‍ലൈനിന് ഭൂമി നല്‍കാനാവില്ലെന്ന് ദക്ഷിണ റെയില്‍വെ. ഭൂമി വിട്ടു നല്‍കിയാല്‍ ഭാവി റെയില്‍ വികസനം തടസപ്പെടുമെന്ന് കേന്ദ്ര റെയില്‍വെ ബോര്‍ഡിന് നല്‍കിയ റിപ്പോര്‍ട്ടില്‍ റെയില്‍വെ ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ അലൈന്‍മെന്റ് അനുസരിച്ച് ഒരിഞ്ചു ഭൂമി പോലും വിട്ടുനല്‍കാനാവില്ലെന്നും അലൈന്‍മെന്റ് അന്തിമമാക്കിയത് റെയില്‍വെയുമായി ആശയവിനിമയം നടത്താതെയാണെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ഭൂമിയില്‍ തടസ വാദമുന്നയിച്ചാണ് റിപ്പോര്‍ട്ട്.
സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതി നേടി കെ റെയില്‍ പലതവണ കത്തെഴുതിയ സാഹചര്യത്തിലാണ് ദക്ഷിണ റെയില്‍വെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സില്‍വര്‍ലൈനിനെ നിലവിലെ റെയില്‍ ശൃംഖലയുമായി ബന്ധിപ്പിക്കാനാകില്ലെന്നും സില്‍വര്‍ലൈന്‍ പാത, ഇന്ത്യന്‍ റെയില്‍വെയുടെ നിലവിലെ പാതയെ ക്രോസ് ചെയ്യുന്നത് ഭാവിയിലെ ട്രാക്ക് വിസനത്തെ ബാധിക്കും. പാതയ്ക്ക് ഇരുവശവും ഭിത്തി നിര്‍മ്മിക്കുന്നത് റെയില്‍വെ ഉപയോഗപ്പെടുത്തുന്നവര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും. കോഴിക്കോട്, കണ്ണൂര്‍, തിരൂര്‍, വടകര, തലശേരി, പയ്യന്നൂര്‍, കാഞ്ഞങ്ങാട് തുടങ്ങി എവിടെയും സില്‍വര്‍ ലൈനിന് സ്റ്റേഷന്‍ നിര്‍മ്മിക്കാന്‍ സ്ഥലം നല്‍കാനാകില്ല. ഈ സ്ഥലങ്ങള്‍ ഇന്ത്യന്‍ റെയില്‍വെയുടെ വികസന പട്ടികയിലുണ്ട്.
ഭാവിയില്‍ റെയില്‍വെയ്ക്ക് വാണിജ്യാവശ്യത്തിന് ഉപയോഗിക്കാവുന്ന ഭൂമിയാണ് കണിയാപുരത്ത് കെ റെയില്‍വെ ആവശ്യപ്പെട്ടിരിക്കുന്നത്. തൃശൂര്‍ഒല്ലൂര്‍ സെക്ഷനിലും അങ്കമാലിആലുവ സെക്ഷനിലും റെയില്‍വെ ട്രാക്കുകള്‍ തമ്മില്‍ വ്യക്തമായ അകലമില്ല എന്നിങ്ങനെയാണ് ദക്ഷണി റെയില്‍വെ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.