ഒരു ഇടവേളയ്ക്ക് ശേഷം സിംഗപ്പൂരില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു. മെയ് അഞ്ചിനും 11നും ഇടയില്‍ 25,900 പേര്‍ക്കാണ് പുതുതായി കോവിഡ് ബാധിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാസ്‌ക് ധരിക്കാന്‍ സിംഗപ്പൂര്‍ ആരോഗ്യമന്ത്രി ഓങ് യെ കുങ് അറിയിച്ചു.
വീണ്ടും കോവിഡ് വ്യാപനം ആരംഭിച്ചിരിക്കുകയാണ്. രണ്ടുമുതല്‍ നാലാഴ്ചയ്ക്കകം കോവിഡ് വ്യാപനം പാരമ്യത്തില്‍ എത്തിയേക്കും. അതായത് ജൂണ്‍ പകുതിയോടെ കോവിഡ് വ്യാപനം അതിന്റെ മൂര്‍ധന്യത്തില്‍ എത്തിയേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മെയ് അഞ്ചുമുതല്‍ 11 വരെ 25,900 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. മുന്‍ ആഴ്ച ഇത് 13,700 കേസുകള്‍ മാത്രമായിരുന്നു.
ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. 250 പേരെയാണ് പുതുതായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. മുന്‍ ആഴ്ച കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 181 മാത്രമായിരുന്നു. 60 വയസിന് മുകളിലുള്ളവരും മറ്റു ഗുരുതര രോഗങ്ങള്‍ ഉള്ളവരും ജാഗ്രത പാലിക്കണം. കഴിഞ്ഞ 12 മാസത്തിനിടെ കോവിഡ് വാക്സിന്‍ എടുക്കാത്തവര്‍ സുരക്ഷയുടെ ഭാഗമായി അധിക ഡോസ് എടുക്കാന്‍ മറക്കരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
കോവിഡ് കേസുകള്‍ ഇരട്ടിയായാല്‍ ആശുപത്രിവാസം വേണ്ടി വരുന്നവരുടെ എണ്ണം 500 ആകും. ഇത് സിംഗപ്പൂരിന് കൈകാര്യം ചെയ്യാന്‍ സാധിക്കും. വീണ്ടും ഇരട്ടിയായാല്‍ ആശുപത്രിവാസം വേണ്ടി വരിക ആയിരം പേര്‍ക്കാണ്. ഇത് സിംഗപ്പൂരിലെ ആരോഗ്യമേഖലയ്ക്ക് പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.