Sunday, November 24, 2024

ഗായിക വാണി ജയറാം അന്തരിച്ചു

ഗായിക വാണി ജയറാം അന്തരിച്ചു. ചെന്നൈയിലെ വസതിയില്‍ കുഴഞ്ഞുവീണാണ് മരണം സംഭവിച്ചത്.

തമിഴ്‌നാട്ടിലെ വെല്ലൂരില്‍ 1945-ലായിരുന്നു ജനനം. കലൈവാണി എന്നായിരുന്നു യഥാര്‍ത്ഥ പേര്. സംഗീതജ്ഞയായ അമ്മയില്‍ നിന്നാണ് സംഗീതത്തിന്റെ ആദ്യ പാഠങ്ങള്‍ സ്വായത്തമാക്കിയത്. ഹിന്ദി സിനിമയില്‍ പാടിത്തുടങ്ങിയപ്പോള്‍ ഭര്‍ത്താവിന്റെ പേര് കൂട്ടിച്ചേര്‍ത്ത് വാണി ജയറാം എന്നാക്കി മാറ്റി. ഗായിക എന്ന നിലയിലുള്ള വാണിയുടെ വളര്‍ച്ചയ്ക്ക് വഴികാട്ടിയായത് സിത്താര്‍ വിദഗ്ധനുമായ ഭര്‍ത്താവ് ജയരാമന്‍ ആയിരുന്നു.

കടലൂര്‍ ശ്രീനിവാസ അയ്യങ്കാര്‍, ടി.ആര്‍. ബാലസുബ്രഹ്മണ്യന്‍, ആര്‍.എസ്. മണി എന്നിവരായിരുന്നു കര്‍ണാടക സംഗീതത്തിലെ വാണിയുടെ ഗുരുക്കന്മാര്‍. ഉസ്താദ് അബ്ദുല്‍ റഹ്മാന്‍ ഖാനില്‍ നിന്നാണ് ഹിന്ദുസ്ഥാനി സംഗീതം പഠിച്ചത്.

മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം മൂന്നുതവണ വാണി ജയറാമിനെ തേടിയെത്തി. കഴിഞ്ഞയാഴ്ചയാണ് അവര്‍ക്ക് പത്മ പുരസ്‌കാരം ലഭിച്ചത്.

എട്ടാം വയസില്‍ ആകാശവാണി മദ്രാസ് സ്റ്റേഷനിലാണ് ആദ്യം പാടിത്തുടങ്ങിയത്. സ്വപ്‌നം എന്ന ചിത്രത്തിലെ ‘സൗരയുഥത്തില്‍ വിടര്‍ന്നൊരു…’ എന്ന ഗാനമാണ് മലയാളത്തില്‍ അവര്‍ ആദ്യം ആലപിച്ചത്. മലയാളികളുടെ നിത്യഹരിത ഗായികയായിരുന്നു വാണി ജയറാം. മലയാളം, തമിഴ്, തെലുങ്ക്, ബംഗാളി, കന്നഡ, ഗുജറാത്തി തുടങ്ങി ഇരുപതോളം ഇന്ത്യന്‍ ഭാഷകളില്‍ പതിനായിരത്തിലേറെ പാട്ടുകള്‍ അവര്‍ പാടി.

യുവത്വമുള്ള ശബ്ദം

വാണി ജയറാം പാടിയ പാട്ടുകള്‍ക്ക് എന്നും പതിനേഴിന്റെ ചെറുപ്പമായിരുന്നു. അവരുടെ സ്വരത്തിന് യുവത്വത്തിന്റെ ശോഭയും. 5 പതിറ്റാണ്ട് മുമ്പ് ‘ഗുഡി’ എന്ന ചിത്രത്തിലൂടെ പ്രശസ്ത സംഗീത സംവിധായകന്‍ വസന്ത് ദേശായിയാണ് ഗായികയെ കലാരംഗത്തിന് പരിചയപ്പെടുത്തിയത്. ആ യുവ സ്വരത്തെ കൊണ്ട് പിന്നീട് ഇന്ത്യന്‍ സംഗീത ലോകത്തെ മുന്‍നിര സംഗീതജ്ഞരെല്ലാം പാടിച്ചു. ചെന്നൈയില്‍ താമസമാക്കിയതിന് ശേഷമാണ് മലയാളത്തില്‍ അവര്‍ പാടിത്തുടങ്ങിയത്.

‘സ്വപ്നം’ എന്ന ചിത്രത്തിലൂടെ സലില്‍ ചൗധരിയാണ് വാണി ജയറാമിനെ മലയാളത്തിലേക്ക് കൊണ്ടുവരുന്നത്. ഏതോ ജന്മകല്‍പനയില്‍, വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി, ഓലഞ്ഞാലിക്കുരുവി, തിരയും തീരവും എന്നിവയെല്ലാം അവരുടെ ഹിറ്റ് ഗാനങ്ങളാണ്.

ദേശീയ ചലച്ചിത്രപുരസ്‌കാരം

1975 – ‘ഏഴു സ്വരങ്ങള്‍’ (അപൂര്‍വ്വരാഗങ്ങള്‍)
1980 – ശങ്കരാഭരണം
1991 – സ്വാതികിരണം

Latest News