Sunday, November 24, 2024

അംഗരാജ്യങ്ങള്‍ക്കിടയില്‍ യാത്ര ചെയ്യാന്‍ ഒരൊറ്റ വിസ സംവിധാനം: പ്രഖ്യാപനവുമായി യുഎഇ

ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് അംഗരാജ്യങ്ങള്‍ക്കിടയില്‍ യാത്ര ചെയ്യാന്‍ ഒരൊറ്റ വിസ സംവിധാനവുമായി യുഎഇ. ഈ സംവിധാനം വൈകാതെ നടപ്പാക്കുമെന്ന് യുഎഇ ധനകാര്യമന്ത്രി അബ്ദുള്ള ബിന്‍ തൗഖ് അല്‍ മാരി പ്രഖ്യാപിച്ചു. അബുദാബിയില്‍ സംഘടിപ്പിച്ച ഫ്യൂച്ചര്‍ ഹോസ്പിറ്റാലിറ്റി സമ്മിറ്റില്‍ ചൊവ്വാഴ്ച പങ്കെടുത്തു സംസാരിക്കുകയായിരുന്നു അല്‍ മാരി.

യുഎഇ, സൗദി അറേബ്യ, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍ എന്നീ ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് വിസ രഹിതയാത്ര അനുവദിച്ചിരിക്കുന്നത്. നിലവില്‍ ഇവിടെ താമസിക്കുന്ന പ്രവാസികള്‍ മറ്റ് അംഗരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് വേറെ വിസയ്ക്ക് അപേക്ഷിക്കേണ്ടതുണ്ട്. ചില രാജ്യങ്ങള്‍ വിസ രഹിത സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് ജിസിസ രാജ്യങ്ഹളിലെ പ്രവാസികള്‍ക്കും വിസ രഹിതയാത്ര അനുവദിക്കാന്‍ ഒരുങ്ങുന്നത്. യൂറോപ്യൻ രാജ്യങ്ങളിലെ ഷെങ്കൻ വിസ മാതൃകയിലായിരിക്കും ജിസിസിയിലെ ഈ പുതിയ വിസ സംവിധാനം.

ഒരൊറ്റ വിസ നടപ്പാക്കുന്നതിന് മന്ത്രിതല ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണെന്ന് അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ സംസാരിക്കവെ ബഹ്‌റൈന്‍ ടൂറിസം മന്ത്രി ഫാത്തിമ അല്‍ സെയ്‌റാഫി പറഞ്ഞു. ഈ സംവിധാനം വൈകാതെ തന്നെ നടപ്പാക്കുമെന്നും അവര്‍ പറഞ്ഞിരുന്നു. ഒരു ഏകീകൃത പാക്കേജിന് കീഴില്‍ നിയന്ത്രണങ്ങളില്ലാതെ ഒന്നിലധികം രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഈ സംവിധാനം ടൂറിസ്റ്റുകളെ സഹായിക്കുമെന്ന് ഇതേ പരിപാടിയില്‍ അഭിസംബോധന ചെയ്തു സംസാരിക്കവെ യുഎഇ സാമ്പത്തിക മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു.

Latest News