Monday, November 25, 2024

ലൈന്‍ ഓഫ് കണ്‍ട്രോള്‍ മേഖലയിലും ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍ മേഖലയിലും സ്ഥിതി ശാന്തവും സാധാരണവുമെന്ന് പുതിയ കരസേനാ മേധാവി മനോജ് പാണ്ഡെ

പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ലൈന്‍ ഓഫ് കണ്‍ട്രോള്‍ മേഖലയിലും ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍ (എല്‍എസി) മേഖലയിലും സ്ഥിതി ശാന്തവും സാധാരണവുമെന്ന് പുതിയ കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ പറഞ്ഞു.

എല്‍എസിയിലെ നിലവിലെ സ്ഥിതിയില്‍ ഒരു മാറ്റവും അനുവദിക്കില്ലെന്ന് ഇന്ത്യ ചൈനയോട് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, നിയന്ത്രണ രേഖയുടെ ഉള്‍പ്രദേശങ്ങളില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന്റെ സൂചനയുണ്ടെന്ന് കരസേനാ മേധാവി വ്യക്തമാക്കി.

‘നമ്മുടെ എതിരാളിയുടെ ഏകപക്ഷീയവും പ്രകോപനപരവുമായ നടപടികള്‍ കൃത്യമായ ഇടപെടലുകളിലൂടെ തടയാന്‍ കഴിഞ്ഞിട്ടുണ്ട്’. ആര്‍മി ചീഫ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘കഴിഞ്ഞ രണ്ട് വര്‍ഷമായി, ഇന്ത്യന്‍ സൈന്യം തുടര്‍ച്ചയായ ഭീഷണി വിലയിരുത്തുകയും സേനകളെ പുനഃക്രമീകരിക്കുകയും ചെയ്യുന്നുണ്ട്. നമ്മുടെ സൈനികര്‍ അവിടെയുണ്ട്. അവര്‍ ധീരരും ദൃഢനിശ്ചയമുള്ളവരുമാണ്’. ജനറല്‍ മനോജ് പാണ്ഡെ പറഞ്ഞു.

‘ഇന്ത്യയും ചൈനയും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ചര്‍ച്ച തുടരുമ്പോള്‍ നിലവിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. നിയന്ത്രണ രേഖയിലെ പിരിമുറുക്കം കുറയ്ക്കുകയും തല്‍സ്ഥിതി എത്രയും വേഗം പുനഃസ്ഥാപിക്കുകയുമാണ് സൈന്യത്തിന്റെ ലക്ഷ്യം’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ലൈന്‍ ഓഫ് കണ്‍ട്രോള്‍ മേഖലയില്‍ ഇരുവശത്തുമുള്ള സാധാരണ ജനങ്ങളുടെ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ തീവ്രവാദത്തിനുള്ള സൗകര്യങ്ങളും തീവ്രവാദ പരിശീലന ക്യാമ്പുകളും കുറയ്ക്കുന്നതിന്റെ കാര്യത്തില്‍ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നും കരസേനാ മേധാവി പറഞ്ഞു. ഭീകരരുടെ എണ്ണം വര്‍ധിച്ചതായും കണ്ടെത്തി. നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറ്റവും അക്രമവും കുറഞ്ഞെങ്കിലും ഉള്‍പ്രദേശങ്ങളില്‍ ആ ഫലത്തിന്റെ സൂചനകളൊന്നുമില്ല’. കരസേനാ മേധാവി പറഞ്ഞു.

Latest News