അന്താരാഷ്ട്ര മാധ്യമമായ അൽ-ജസീറയിൽ പ്രവർത്തിക്കുന്ന ആറ് മാധ്യമപ്രവർത്തകർ ഹമാസിന്റെയും പലസ്തീൻ ഇസ്ലാമിക് ജിഹാദിന്റെയും (പി. ഐ. ജെ.) അംഗങ്ങളാണെന്നു വെളിപ്പെടുത്തി ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് (ഐ. ഡി. എഫ്.).
ഗാസയിലെ സൈനിക ഓപ്പറേഷനിടെ ലഭിച്ച രഹസ്യവിവരമനുസരിച്ച്, അനസ് അൽ-ഷെരീഫ്, അലാ സലാമ, ഹൊസാം ഷബാത്ത്, അഷ്‌റഫ് സരജ്, ഇസ്മായിൽ അബു അംർ, തലാൽ അരുക്കി എന്നീ മാധ്യമപ്രവർത്തകരെല്ലാം ഹമാസ് അല്ലെങ്കിൽ പി. ഐ. ജെ. യുടെ സൈനികവിഭാഗങ്ങളുമായി ബന്ധമുള്ളവരാണെന്ന് സൈന്യം കണ്ടെത്തി. എന്നാൽ, അൽ ജസീറ ഈ അവകാശവാദങ്ങൾ നിഷേധിച്ചു. അടിസ്ഥാനമില്ലാത്ത വിവരങ്ങളെന്നു പ്രതികരിച്ച അൽ ജസീറ, കൂടുതൽ മാധ്യമപ്രവർത്തകരെ കൊല്ലാൻ ഇസ്രായേൽ ഒരുക്കുന്ന മറയാണിതെന്ന് ആരോപിച്ചു.
ഇവർ ഒരേസമയം, അൽ-ജസീറയിൽ ജോലിചെയ്യുകയും ഗാസയിലെ തീവ്രവാദ സംഘടനകളുടെ പ്രവർത്തകരായി പ്രവർത്തിക്കുകയും ചെയ്യുന്നുവെന്ന് ഐ. ഡി. എഫ്. പറഞ്ഞു. ഇസ്രയേലിനെതിരായ പ്രചാരണയുദ്ധത്തിന്റെ മുൻനിരയിൽ പ്രവർത്തിക്കുന്ന ഹമാസിന്റെ സൈനികവിഭാഗത്തിന്റെ ഭാഗമാണ് തുറന്നുകാട്ടപ്പെട്ട മാധ്യമപ്രവർത്തകരെന്നും ഐ. ഡി. എഫ്. വെളിപ്പെടുത്തി.