Wednesday, March 11, 2026

സ്വിറ്റ്‌സർലൻഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് ആറ് മരണം; വൻ ദുരന്തമെന്ന് റിപ്പോർട്ട്

സ്വിറ്റ്‌സർലൻഡിലെ കെർസേഴ്‌സിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് ആറുപേർ കൊല്ലപ്പെടുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ ഈ അപകടത്തിൽ പരിക്കേറ്റവരിൽ മൂന്നുപേരുടെ നില അതീവഗുരുതരമാണ്. ബസിനുള്ളിൽ നിന്ന് അതിവേഗം പടർന്ന തീയിൽ വാഹനം പൂർണ്ണമായും കത്തിയമർന്നതായാണ് ദൃക്‌സാക്ഷികൾ നൽകുന്ന വിവരം.

ഈ സംഭവം വെറുമൊരു അപകടമല്ലെന്നും ബോധപൂർവം ആരെങ്കിലും ചെയ്തതാണോയെന്ന് സംശയിക്കുന്നതായും പൊലീസ് അറിയിച്ചു. മറ്റു വാഹനങ്ങളൊന്നും ബസുമായി കൂട്ടിയിടിച്ചിട്ടില്ലാത്തതിനാൽ തീപിടിത്തത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ ശാസ്ത്രീയപരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് ഉടൻതന്നെ ആംബുലൻസുകളും ഹെലികോപ്റ്ററുകളും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

സ്വിസ് പ്രസിഡന്റ് ഗയ് പാർമെലിൻ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു. ഗ്രാമീണമേഖലകളിൽ സർവീസ് നടത്തുന്ന മഞ്ഞനിറത്തിലുള്ള തപാൽ ബസാണ് അപകടത്തിൽപ്പെട്ടത്. രാജ്യത്തെ ഞെട്ടിച്ച ഈ ദുരന്തത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News