യുഎസിലെ സ്വകാര്യ സ്കൂളില്‍ യുവതി നടത്തിയ വെടിവയ്പ്പില്‍ മൂന്നു കുട്ടികള്‍ ഉള്‍പ്പടെ ആറു പേര്‍ കൊല്ലപ്പെട്ടു. നാഷ്‌വില്ലെയിലെ ദി കവനന്റ് സ്‌കൂളില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. വെടിവയ്പ്പിനു പിന്നാലെ അക്രമിയെ പോലീസ് ഏറ്റുമുട്ടലിലൂടെ വധിച്ചതായി മെട്രോ നാഷ്വില്ലേ പോലീസ് അറിയിച്ചു.
ഓഡ്രി ഹെയ്ല്‍ എന്ന 28 കാരി ആയുധങ്ങളുമായി സ്കൂളിലെ രണ്ടാം നിലയിലേക്ക് എത്തുകയും പിന്നാലെ വെടിയുതിര്‍ക്കുകയുമായിരുന്നു. സ്കൂളില്‍ നിന്നും വെടിയൊച്ച കേൾക്കുന്നുണ്ടെന്ന അറിയിപ്പിനെ തുടര്‍ന്ന് മെട്രോപൊളിറ്റൻ നാഷ്‌വില്ലെ പോലീസ്, സ്കൂള്‍ വളയുകയും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ പ്രതി കൊല്ലപ്പെടുകയുമായിരുന്നു. ഇവര്‍ ട്രാന്‍സ്ജെന്റര്‍ ആണെന്നു പോലീസ് വ്യക്തമാക്കി.
‘സ്കൂളിന്‍റെ ഭൂപടവും വഴികളും രേഖപ്പെടുത്തുന്ന ചിത്രങ്ങള്‍ പ്രതി കരുതിയിരുന്നു. കൊല്ലപ്പെട്ട ഷൂട്ടറുടെ പക്കൽ നിന്നും രണ്ട് സെമി ഓട്ടോമാറ്റിക് റൈഫിളുകളും ഒരു കൈത്തോക്കും കണ്ടെത്തിയിട്ടുണ്ട്’ -നാഷ്‌വില്ലെ പോലീസ് ഡിപ്പാർട്ട്‌മെന്റ് വക്താവ് ഡോൺ ആരോൺ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വെടിവയ്പ്പില്‍ കൊല്ലപ്പെട്ട മൂന്ന് കുട്ടികളിൽ ഒരാൾക്ക് എട്ട് വയസ്സും രണ്ട് പേർക്ക് ഒമ്പത് വയസ്സും പ്രായമുണ്ട്. മറ്റു മൂന്നുപേര്‍ സ്കൂള്‍ ജീവനക്കാരാണെന്നും സ്ഥിരീകരിച്ചു. വെടിവയ്പ്പില്‍ ഗുരുതര പരിക്കേറ്റ കുട്ടികളെ വാൻഡർബിൽറ്റിലെ മൺറോ കാരെൽ ജൂനിയർ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.