ഫെബ്രുവരി 28 ന് വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിൽ താലിബാൻ അനുകൂല മതപഠനശാലയുടെ ഒരു പള്ളിയിൽ നടന്ന ചാവേർ ബോംബാക്രമണത്തിൽ താലിബാൻ ബന്ധമുള്ള മുസ്ലിം പുരോഹിതൻ ഉൾപ്പെടെ ആറുപേർ കൊല്ലപ്പെട്ടു. അഫ്ഗാൻ താലിബാന്റെ ചരിത്രപരമായ പരിശീലനകേന്ദ്രം എന്നാണ് ഇവിടം അറിയപ്പെടുന്നത്. വെള്ളിയാഴ്ച പ്രാർഥനയ്ക്കിടെയാണ് ചാവേർ ബോംബ് സ്ഫോടനം നടന്നത്. കൊല്ലപ്പെട്ടവരിൽ മതപാഠശാലയുടെ തലവനും ഉൾപ്പെട്ടിട്ടുണ്ടെന്ന് പ്രവിശ്യാ സർക്കാർ വക്താവ് മുഹമ്മദ് അലി സെയ്ഫ് പറഞ്ഞു.
താലിബാന്റെ പിതാവായി കണക്കാക്കപ്പെടുന്ന പരേതനായ മൗലാന സാമി-ഉൽ-ഹഖിന്റെ മകനാണ് മരിച്ച മൗലാന ഹമീദ്-ഉൽ-ഹഖ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല.
ദാറുൽ ഉലൂം ഹഖാനിയ മതപഠനശാലയുടെ വളപ്പിലുള്ള ഒരു പള്ളിയിൽ നിന്ന് ഇറങ്ങുമ്പോൾ സ്ഫോടകവസ്തുക്കൾ നിറച്ച ചാവേർ വസ്ത്രം ധരിച്ച അക്രമി ഹഖിന്റെ അടുത്തേക്ക് നടന്നുവന്നതായി സഹോദരൻ മൗലാന അബ്ദുൾ ഹഖ് റോയിട്ടേഴ്‌സിനോടു പറഞ്ഞു. “മൗലാന ഹമീദ്-ഉൽ-ഹഖ് സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. സ്ഫോടനത്തിൽ ഏകദേശം രണ്ടുഡസനോളം പേർക്ക് പരിക്കേറ്റു” – അദ്ദേഹം പറഞ്ഞു. നിരവധി പേർക്ക് പരിക്കേറ്റതായും റീജിയണൽ പൊലീസ് ഓഫീസർ നജീബുർ റഹ്മാൻ നേരത്തെ പറഞ്ഞിരുന്നു.
പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അദ്ദേഹത്തിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ ബോംബാക്രമണത്തെ അപലപിക്കുകയും ഹഖിന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു. അഫ്ഗാൻ അതിർത്തിയിലേക്കുള്ള പ്രധാന മോട്ടോർവേയിൽനിന്ന് അകലെയുള്ള പാക്കിസ്ഥാൻ പട്ടണത്തിലുള്ള ദാറുൽ ഉലൂം ഹഖാനിയ സർവകലാശാല 1990 കളിൽ താലിബാൻ പ്രസ്ഥാനത്തിന്റെ വിക്ഷേപണകേന്ദ്രമായിരുന്നു. ഇപ്പോഴും തീവ്ര ഇസ്ലാമിസ്റ്റുകളുടെ ഇൻകുബേറ്ററായി ഇതിനെ വിശേഷിപ്പിക്കാറുണ്ട്.