Monday, November 25, 2024

അരൂരില്‍ ആറുവരി ഉയരപ്പാത: പുതുവര്‍ഷത്തില്‍ നിര്‍മ്മാണം ആരംഭിക്കും

രാജ്യത്തെ ഏറ്റവും നീളം കൂടിയ ആറുവരി ഉയരപ്പാതയെന്ന ഖ്യാതി നേടാന്‍ അരൂർ – തുറവൂർ ദേശിയപാത. ഒറ്റത്തൂണിൽ 26 മീറ്റർ വീതിയിലുള്ള ആറുവരി ഉയരപ്പാതയുടെ നിര്‍മ്മാണം പുതുവര്‍ഷത്തില്‍ ആരംഭിക്കും. 12.752 കിലോമീറ്റർ നീളവും താഴെ നാലുവരിയിൽ സർവ്വീസ് റോഡും ഉള്‍പ്പടെ ആകെ 10 വരി ഗതാഗതത്തിനുള്ള സൗകര്യം. ദേശീയപാത 66- ലെ അരൂർ മുതൽ തുറവൂർ തെക്ക് വരെയുള്ള ഭാഗത്തിന്റെ വികസനമാണ് ഇങ്ങനെ വിസ്മയകരമാകുന്നത്.

ദേശീയപാതയുടെ വികസനത്തിന് ഏറ്റെടുക്കേണ്ട ഭൂമിയുടെ അതിര് നിർണ്ണയവും കല്ലിടീലും പൂർത്തിയായതായി എ.എം. ആരിഫ് എംപി ഫേസ്ബുക്കില്‍ കുറിച്ചു. 2023- ല്‍ നിര്‍മ്മാണം ആരംഭിക്കുന്ന പാതയുടെ നിര്‍മ്മാണം മൂന്നു വർഷത്തിനകം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. “സംസ്ഥാനത്ത് ദേശീയപാത വികസനത്തിന് 1082.07 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. 39,749 നിർമ്മിതികൾ പൊളിച്ചുമാറ്റേണ്ടതായി വരും. എന്നാൽ, അരൂർ – തുറവൂർ ഭാഗത്തെ ആറുവരി ഉയരപ്പാതക്കായി ഏറ്റെടുക്കേണ്ടിവരിക കഷ്ടിച്ച് ഒന്നേകാൽ ഏക്കർ ഭൂമി മാത്രം. അമ്പതിൽ താഴെ കെട്ടിടങ്ങൾ മാത്രമാണ് പൊളിക്കേണ്ടത്. നിലവിലെ 30 മീറ്ററിൽ തന്നെ ദേശീയപാത വികസനം സാധ്യമാകുന്നതിനാലാണിത്” – എംപി പറഞ്ഞു.

സംസ്ഥാനത്ത് 20 ഭാഗങ്ങളായാണ് ദേശീയപാത നിർമ്മിക്കുന്നത്. അതിൽ ഏറ്റവും ചെലവേറിയ ഭാഗമാണ് അരൂർ – തുറവൂർ. 1668.50 കോടി രൂപയ്ക്ക് മഹാരാഷ്ട്രയിലെ നാസിക് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അശോക് ബിൽകോൺ കമ്പനിയാണ് കരാർ ഏറ്റിരിക്കുന്നത്. അരൂർ – തുറവൂർ ഭാഗത്ത് നിലവിൽ നാലുവരിപ്പാതയുണ്ട്. അതിന്റെ നടുക്കാണ് കൂറ്റൻ തൂണ് നിർമ്മിക്കുക. തൂണിന്റെ ഇരുവശത്തേക്കും വിരിഞ്ഞുനിൽക്കുന്ന വിധത്തിലാകും ഉയരപ്പാതയുടെ നിർമ്മാണം. പാതയുടെ ഇരുവശത്തും ഒന്നര മീറ്റർ വീതം ഒഴിച്ചിടും. മൂന്നര മീറ്ററാണ് ഓരോ വരിയുടെയും വീതി. നടുക്ക് ഒരു മീറ്ററിന്റെ മീഡിയനുണ്ടാകും.

Latest News