കടുത്ത പട്ടിണിയില്‍ കഴിയുന്ന അഫ്ഗാന്‍ ജനതയ്ക്ക് 50,000 ടണ്‍ ഗോതമ്പ് ആണ് ഇന്ത്യ വിശപ്പടക്കാനായി നല്‍കുന്നത്. 4 മാസത്തെ നിരന്തര സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് തങ്ങളുടെ പ്രദേശത്ത് കൂടി ഭക്ഷ്യധാന്യം എത്തിക്കാന്‍ പാകിസ്ഥാന്‍ സമ്മതം അറിയിച്ചത്. തങ്ങളുടെ മണ്ണിലൂടെ അഫ്ഗാനിസ്ഥാനിലേക്കുള്ള ചരക്കുകള്‍ അനുവദിക്കില്ലെന്നായിരുന്നു പാകിസ്ഥാന്റെ ആദ്യ നിലപാട്. എന്നാല്‍ അഫ്ഗാന്‍ ജനതയെ സഹായിക്കാന്‍ ഞങ്ങള്‍ ലോകത്തോട് മുഴുവന്‍ ആവശ്യപ്പെടുമ്പോള്‍, അതില്‍ നിന്ന് ഇന്ത്യയെ എങ്ങനെ തടയാനാകും? എന്നാണ് പുതിയ തീരുമാനത്തെ കുറിച്ച് പാക് മന്ത്രി ഫവാദ് ചൗധരി പറഞ്ഞത്.
ഇന്ത്യയില്‍ നിന്ന് ഭക്ഷ്യധാന്യം കയറ്റാന്‍ വരുന്ന അഫ്ഗാന്‍ ട്രക്കുകള്‍ പാക്-അഫ്ഗാന്‍ അതിര്‍ത്തിയിലൂടെ ടോര്‍ഖാമില്‍ നിന്ന് വാഗയിലെത്തും. അട്ടാരിയില്‍ നിന്ന് ഗോതമ്പ് കയറ്റിയ ശേഷമാകും മടക്കം. ഗതാഗത സൗകര്യം പരിമിതമായതിനാല്‍, ഒരു ദിവസം അറുപത് ട്രക്കുകള്‍ മാത്രമേ ഗോതമ്പ് ശേഖരിക്കാന്‍ എത്തുകയുള്ളൂ . അതിനാല്‍ 50,000 ടണ്‍ ഗോതമ്പ് ഇന്ത്യയില് നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് കൊണ്ടുപോകാന് ഒരു മാസമെടുക്കും. ഫെബ്രുവരി 22 മുതല്‍ അഫ്ഗാന്‍ സേന ഗോതമ്പ് ശേഖരിക്കാന്‍ തുടങ്ങും. യുഎന്‍ഒയുടെ ആഹ്വാനത്തിന് മറുപടിയായാണ് അഫ്ഗാനിസ്ഥാനെ സഹായിക്കാന്‍ ഇന്ത്യ തീരുമാനിച്ചത് .
‘കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്ന അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ക്ക് പിന്തുണയായി ഗോതമ്പിന്റെ ഉദാരമായ സംഭാവനയ്ക്ക്’ ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ട് റോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡബ്ല്യുഎഫ്പിയും രംഗത്ത് എത്തി. ഉടമ്പടിയെ നാഴികകല്ലെന്നാണ് ഡബ്ല്യുഎഫ്പി വിശേഷിപ്പിച്ചത്.
താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ വീണ്ടും അധികാരത്തിലെത്തിയിട്ട് ആറു മാസം കഴിഞ്ഞു. സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ് രാജ്യത്തെ ജനങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. വിദേശ സഹായമായിരുന്നു യുദ്ധത്തില്‍ തകര്‍ന്ന അഫ്ഗാനിസ്ഥാന്റെ സാമ്പത്തിക അടിത്തറ. മറ്റു രാജ്യങ്ങളുടെ അംഗീകാരമില്ലാതായതോടെ സഹായത്തിന്റെ ഒഴുക്കു നിലച്ചു. മാത്രമല്ല, അമേരിക്കയടക്കമുള്ള പാശ്ചാത്യരാജ്യങ്ങള്‍ അഫ്ഗാന്റെ കോടിക്കണക്കായ ബാങ്ക് നിക്ഷേപങ്ങള്‍ മരവിപ്പിച്ചിരിക്കുന്നു. ഏതാണ്ട് 75,000 കോടി രൂപ വരും ഇത്. ശൈത്യം തുടങ്ങി. പട്ടിണിക്കു പുറമേ കൊടും തണുപ്പും കൂടിയായപ്പോള്‍ സാധാരണക്കാരായ അഫ്ഗാനികള്‍ ദുരിതത്തിന്റെ ആഴക്കടലിലായി. എങ്ങും ദയനീയ കാഴ്ചകളാണ്. ഉപരോധം മറികടന്ന് സഹായം സംഘടിപ്പിക്കാനും ഏകോപിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ ഫലപ്രദമാകുന്നില്ല.
അത്യന്തം അപകടകരമാണ് അഫ്ഗാനിസ്ഥാന്റെ അവസ്ഥയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ആന്റണി ഗുട്ടറിയോസും പറയുന്നു. വിദ്യാഭ്യാസമേഖലയും സാമൂഹികസേവനങ്ങളുമൊക്കെ നിലംപൊത്താറായി. കടുത്ത മാനുഷിക പ്രതിസന്ധിയില്‍നിന്നു കരകയറാന്‍ അഫ്ഗാനിസ്ഥാന് അടിയന്തിരമായ 440 കോടി ഡോളര്‍ സഹായം ലഭ്യമാക്കണമെന്ന് ഐക്യരാഷ്ട്രസഭ ദാതാക്കളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.