ഉക്രെയ്നിൽ മിസൈൽ ആക്രമണം ശക്തമാക്കി റഷ്യ. തലസ്ഥാനമായ കീവും ഊർജനിലയങ്ങളും ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ റഷ്യ 70 ക്രൂയിസ് മിസൈലുകൾ വിക്ഷേപിച്ചതായാണ് ഉക്രെയ്ൻ സായുധ സേന പുറത്തുവിടുന്ന വിവരം.
ഇതിൽ 51 എണ്ണവും തടയാനായെന്ന് ഉക്രെയ്ൻ സായുധ സേന കമാൻഡർ വലേരി സലുഷ്‌നി വ്യക്തമാക്കി. ആക്രമണത്തിന് പിന്നാലെ ഉക്രെയ്നിൽ വൈദ്യുതിയും കുടിവെള്ളവും മുടങ്ങി. കീവ് ലക്ഷ്യമാക്കി 31 മിസൈലുകളാണ് റഷ്യ അയച്ചത്. ഇതിൽ 21 എണ്ണവും ലക്ഷ്യത്തിലെത്തുന്നതിന് മുമ്പ് തടയാൻ ഉക്രെയ്ൻ സേനയ്ക്കായി. രാജ്യത്തുടനീളം എയർ അലർട്ടുകൾ നൽകി നിരവധി പേരെ മാറ്റിപാർപ്പിച്ചതായും സൈന്യം അറിയിച്ചു.
മനുഷ്യരാശിക്കെതിരെയുളള ആക്രമണമാണ് റഷ്യ നടത്തിവരുന്നതെന്ന് ഉക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമർ സെലെൻസ്‌കി കുറ്റപ്പെടുത്തി. ” ഉക്രെയ്നെ പൂർണമായും ഇരുട്ടിലാക്കി സമ്മർദ്ദത്തിലാക്കാമെന്നുള്ള നീക്കമാണ് റഷ്യയുടേത്. റഷ്യൻ ഭീകരതയുടെ പുതിയ ഫോർമുലയാണിത്” – സെലൻസ്കി പറഞ്ഞു. കഴിഞ്ഞദിവസം ഉക്രെയ്നിലെ വിൽനിയാൻസ്കിലെ പ്രസവാശുപത്രിയിൽ നടന്ന മിസൈൽ ആക്രമണത്തിൽ നവജാത ശിശു കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന് പിന്നാലെ യൂറോപ്യൻ യൂണിയൻ പാർലമെന്റ് റഷ്യയെ തീവ്രവാദത്തിന്റെ സ്പോൺസർ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.