Monday, November 25, 2024

ആറാം ക്ലാസ്സുകാരൻ ഈ വർഷത്തെ ലോഗോസ് പ്രതിഭ

ഈ വർഷത്തെ ലോഗോസ് പ്രതിഭയായി ആറാം ക്ലാസ്സിൽ പഠിക്കുന്ന 11 വയസ്സുകാരൻ ജിസ്മോൻ സണ്ണി. കോതമംഗലം രൂപതയിലെ ബത്‌ലേഹേം ഇടവകയിലെ, സണ്ണിയുടെ ഏകമകനാണ് ജിസ്മോൻ. രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ സമ്പൂർണ്ണ  ബൈബിൾ പകർത്തിയെഴുതി ശ്രദ്ധേയനായ ജിസ്മോൻ യുട്യൂബിലൂടെ തിരുവചനങ്ങൾ പ്രചരിപ്പിക്കുകയും ബൈബിൾ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്യാറുണ്ട്.

ഗർഭിണി ആയിരിക്കുമ്പോഴേ കുഞ്ഞിന് വൈകല്യങ്ങളുണ്ടെന്നറിഞ്ഞ അവന്റെ അമ്മ ഉച്ചത്തിൽ വചനം വായിക്കുന്നതുകേട്ടാണ് അവൻ വളർന്നത്. പിയർ റോബിൻ സീക്വൻസ് എന്ന വൈകല്യവുമായി ജനിച്ച ജിസ്മോന് നാവിന് പ്രശ്നമുള്ളതിനാലും പല്ലുകൾ നിരതെറ്റി കിടക്കുന്നതുകൊണ്ടും സംസാരിക്കാൻ അൽപം ബുദ്ധിമുട്ട് ഉണ്ട്. എങ്കിലും ദൈവവചനം പഠിക്കാനും പ്രഘോഷിക്കാനും അതൊന്നും തടസ്സമല്ല.

കല്ലൂര്‍ക്കാട് സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഈ വിദ്യാര്‍ഥി പഠനത്തിലും മിടുമിടുക്കനാണ്. 24 വർഷത്തെ ലോഗോസ് ചരിത്രത്തിൽ A വിഭാഗത്തിൽനിന്ന് പ്രതിഭാപട്ടം ചൂടുന്ന രണ്ടാമത്തെ കുട്ടിയാണ് ജിസ്സ്മോൻ. അഞ്ചുവർഷം മുമ്പ് ഇരിങ്ങാലക്കുട രൂപതയിൽനിന്നുള്ള 11 വയസ്സുകാരി മെറ്റിൽഡ ലോഗോസ് പ്രതിഭയായിരുന്നു.

നാലുലക്ഷത്തി അറുപത്തിരണ്ടായിരം പേരാണ് ഈ വർഷം ലോഗോസ് ക്വിസിൽ പങ്കെടുത്തത്. സംസ്ഥാനതല പരീക്ഷയില്‍ മാറ്റുരച്ച 600 പേരിൽനിന്ന് ഫൈനല്‍ റൗണ്ടിലേക്കു യോഗ്യത നേടിയ ആറു പ്രായവിഭാഗങ്ങളിലെ ആറു ചാമ്പ്യന്മാർ തമ്മിലായിരുന്നു ലോഗോസ് ഗ്രാൻഡ് ഫിനാലെയിലെ മത്സരം.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News