Sunday, November 24, 2024

മെഡിറ്ററേനിയന്‍ കടലില്‍ ചെറുബോട്ട് മുങ്ങി 60 അഭയാര്‍ഥികള്‍ മരിച്ചു

മെഡിറ്ററേനിയന്‍ കടലില്‍ ചെറുബോട്ട് മുങ്ങി 60 അഭയാര്‍ഥികള്‍ മരിച്ചു. ലിബിയയില്‍നിന്ന് അഭയാര്‍ഥികളുമായി പോകുകയായിരുന്ന ചെറു റബര്‍ ബോട്ടാണു മുങ്ങിയത്. ഇറ്റാലിയന്‍ കോസ്റ്റ് ഗാര്‍ഡ് 25 പേരെ രക്ഷപ്പെടുത്തി.

ലിബിയയിലെ സാവിയയില്‍നിന്ന് ഏഴ് ദിവസം മുന്‍പാണ് അപകടത്തില്‍പ്പെട്ടവര്‍ പുറപ്പെട്ടത്. മൂന്നു ദിവസം മുന്‍പ് ബോട്ടിന്റെ എന്‍ജിന്‍ തകര്‍ന്നതിനെത്തുടര്‍ന്ന് ഒഴുകി നടക്കുകയായിരുന്നു.

ഭക്ഷണമോ വെള്ളമോ ഇല്ലാതെ യാത്രക്കാര്‍ അവശനിലയിലായിരുന്നു. ഓഷ്യന്‍ വിക്കിംഗ് എന്ന കപ്പലാണ് ഇറ്റാലിയന്‍ തീരസംരക്ഷണ സേനയുമായി സഹകരിച്ച് അഭയാര്‍ഥികളെ രക്ഷപ്പെടുത്തിയത്. രക്ഷപ്പെട്ടവരില്‍ രണ്ടു പേരുടെ നില ഗുരുതരമായിരുന്നു. ഇവരെ ഹെലികോപ്റ്റര്‍ മാര്‍ഗം സിസിലിയിലേക്കു കൊണ്ടുപോയി.

ലിബിയ, ടുണീഷ്യ എന്നീ രാജ്യങ്ങളില്‍നിന്നാണ് യൂറോപ്പ് ലക്ഷ്യമാക്കിയുള്ള അഭയാര്‍ഥി ബോട്ടുകള്‍ പ്രധാനമായും പുറപ്പെടുന്നത്. ഇറ്റലിവഴി യൂറോപ്പിലെത്താമെന്ന പ്രതീക്ഷയിലാണ് മെഡിറ്ററേനിയന്‍ സമുദ്രത്തിലൂടെയുള്ള ഈ സാഹസിക യാത്ര.

 

Latest News