ഡല്‍ഹിയിലെ വായുനിലവാരത്തില്‍ നേരിയ പുരോഗതി ഉണ്ടായതായി സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡ് (സി.പി.സി.ബി) അറിയിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് മെച്ചപ്പെട്ട അവസ്ഥയാണ് നിലവിലെന്നാണ് സി.പി.സി.ബി അറിയിച്ചിരിക്കുന്നത്. സി.പി.സി.ബിയുടെ കണക്കുകൾപ്രകാരം നഗരത്തിന്റെ മൊത്തത്തിലുള്ള വായു ഗുണനിലവാര സൂചിക (എ.ക്യു.ഐ) രാവിലെ ഏഴുമണിക്ക് 396 ആണ്.
തിങ്കളാഴ്ച ഡൽഹിയുടെ മൊത്തത്തിലുള്ള വായു ഗുണനിലവാര സൂചിക (എ.ക്യു.ഐ) 437 രേഖപ്പെടുത്തിയതോടെ ‘ഗുരുതര’ വിഭാഗത്തിലായിരുന്നു. ഇത് ചൊവ്വാഴ്‌ച ‘വളരെ മോശം’ വിഭാഗത്തിലെത്തിയാണ് വായുനിലവാരത്തില്‍ നേരിയ പുരോഗതി രേഖപ്പെടുത്തിയത്. എന്നാൽ നഗരത്തിലെ നിരവധി എയർ മോണിറ്ററിംഗ് സ്‌റ്റേഷനുകളിലെ എ.ക്യു.ഐ ‘ഗുരുതര’ വിഭാഗത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആനന്ദ് വിഹാറിലെ റിയൽ ടൈം മോണിറ്ററിംഗ് സ്‌റ്റേഷനിൽ 43 -ലും ഓഖ്‌ല ഫേസ് 2 (422), രോഹിണി (444), പഞ്ചാബി ബാഗ് (437) എന്നിവിടങ്ങളിൽ എ.ക്യു.ഐ ഗുരുതരസാഹചര്യം ചൂണ്ടിക്കാട്ടി.
പൂജ്യത്തിനും 50 -നും ഇടയിലുള്ള എ.ക്യു.ഐ നല്ലത്, 51 -നും 100 -നുമിടയില്‍ തൃപ്‌തികരം, 101 -നും 200 -നുമിടയില്‍ മിതമായത്, 201 -നും 300 -നുമിടയില്‍ മോശം, 301 -നും 400 -നുമിടയില്‍ വളരെ മോശം, 401 -നും 500 -നുമിടയില്‍ കഠിനമായത് എന്നിങ്ങനെയാണ് വായുഗുണനിലവാരം കണക്കാക്കുന്നത്.