വെടിവയ്പില്‍ പരിക്കേറ്റ സ്ലോവാക്കിയന്‍ പ്രധാനമന്ത്രി അപകടനില തരണം ചെയ്തതായി ഉപപ്രധാനമന്ത്രി. നിരവധി തവണ വെടിയേറ്റ പ്രധാനമന്ത്രിയുടെ ശസ്ത്രക്രിയ കഴിഞ്ഞതായും ഉപപ്രധാനമന്ത്രി തോമസ് തരാബ വിശദമാക്കി. സ്ലൊവാക്കിയയിലെ ചെറുപട്ടണമായ ഹാന്‍ഡ്‌ലോവയില്‍ വച്ചാണ് 59കാരനായ റോബര്‍ട്ട് ഫിക്കോയ്ക്ക് എതിരെ വെടിവയ്പ് നടന്നത്. അക്രമിയെ സംഭവ സ്ഥലത്ത് വച്ച് തന്നെ പിടികൂടിയിരുന്നു. രാഷ്ട്രീയ പ്രചോദിതമാണ് അക്രമം എന്നാണ് ആഭ്യന്തര മന്ത്രി മാറ്റസ് സുതാജ് എസ്റ്റോക പ്രതികരിച്ചത്.
യുക്രൈനിനുള്ള സൈനിക സഹായവും റഷ്യയ്ക്കെതിരായ ഉപരോധവും അവസാനിപ്പിക്കാന്‍ റോബര്‍ട്ട് ഫിക്കോ നേരത്തെ ആവശ്യപ്പെട്ടത് സ്ലൊവാക്കിയയിലും യൂറോപ്യന്‍ യൂണിയനിലും ഭിന്നത സൃഷ്ടിച്ചിരുന്നു. ഹാന്‍ഡ്‌ലോവയില്‍ ചെറിയ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് വളരെ അടുത്ത് നിന്നാണ് ഫിക്കോയ്ക്ക് നേരെ അക്രമി വെടിയുതിര്‍ത്തത്. അഞ്ച് ഷോട്ടുകളാണ് അക്രമി ഫിക്കോയ്ക്ക് നേരെ ഉതിര്‍ത്തത്. വയറിലും കയ്യിലുമാണ് ഫിക്കോയ്ക്ക് വെടിയെറ്റത്. തലസ്ഥാനമായ ബ്രാറ്റിസ്ലാവയില്‍ നിന്ന് 150 കിലോ മീറ്റര്‍ അകലെയാണ് ഹാന്‍ഡ്‌ലോവ.
രാജ്യത്ത് പ്രധാനമന്ത്രിയുടെ നിലപാടുകളോട് എതിര്‍പ്പുകളുണ്ടെങ്കിലും അദ്ദേഹത്തിനെതിരെയുണ്ടായ അക്രമം പ്രതിപക്ഷ നേതാക്കള്‍ അടക്കം അപലപിച്ചു. സംഭവിച്ചത് ജനാധിപത്യത്തിനെതിരായ അക്രമം ആണെന്നാണ് സ്ലൊവാക്കിയ രാഷ്ട്രപതി പ്രതികരിച്ചത്. കാലങ്ങളായി വിദ്വേഷം പരത്തിയതിന്റെ ഫലമാണ് നിലവിലെ അക്രമമെന്നാണ് ആഭ്യന്തര മന്ത്രി പ്രതികരിച്ചത്.