ഹരിയാനയിലെ കുടിയേറ്റക്കാരുടെ കുടിലുകള്‍ പൊളിച്ചുനീക്കുന്ന സര്‍ക്കാര്‍ നടപടി നിര്‍ത്തിവയ്ക്കണമെന്ന് പഞ്ചാബ് – ഹരിയാന ഹൈക്കോടതി ഉത്തരവ്. വര്‍ഗീയസംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ആരംഭിച്ച പൊളിക്കല്‍ നടപടികളാണ് നിര്‍ത്തിവയ്ക്കാന്‍ കോടതി ഉത്തരവിട്ടത്. അനധികൃത നിര്‍മ്മാണങ്ങള്‍ എന്ന് ആരോപിച്ച് ആരംഭിച്ച പൊളിക്കല്‍ നടപടികള്‍ നാലുദിവസം പിന്നിട്ട സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടല്‍.
സംസ്ഥാനത്തെ വര്‍ഗീയസംഘര്‍ഷത്തില്‍ ഇതുവരെ ആറ് ജീവനുകൾ നഷ്ടപ്പെടുകയും നിരവധി വീടുകളും പള്ളികളും കടകളും കലാപകാരികള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശ് മാതൃകയില്‍ കുടിയേറ്റക്കാരുടെ കുടിലുകള്‍ പൊളിച്ചുനീക്കുന്നതിലേക്ക് സര്‍ക്കാര്‍ കടന്നത്. പൊളിക്കല്‍ നടപടിക്കെതിരായ ഹർജി പരിഗണിച്ച ഹൈക്കോടതി, നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിടുകയായിരുന്നു. ഹൈക്കോടതി നിര്‍ദേശത്തിനുപിന്നാലെ ബുള്‍ഡോസര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കാനും ഡെപ്യൂട്ടി കമ്മീഷണര്‍ ധീരേന്ദ്ര ഖഡ്ഗത ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
അതേസമയം, യുപി മാതൃകയില്‍ ബുള്‍ഡോസര്‍ നടപടിയുണ്ടാകുമെന്ന് മനോഹര്‍ ലാല്‍ ഖട്ടാര്‍ രണ്ടുദിവസം മുന്‍പ് സൂചിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുൻകൂർ നിർദേശങ്ങള്‍ പോലുമില്ലാതെ ബുള്‍ഡോസർ ഉപയോഗിച്ച് പലയിടത്തും കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയത്.