രാജ്യത്തെ 22 നഗരങ്ങളില്‍ പുരോഗമിക്കുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ആദ്യഘട്ട നിര്‍മ്മാണം മാര്‍ച്ച് മാസത്തിൽ പൂര്‍ത്തിയാകും. ഇത് സംബന്ധിച്ച വിവരം കേന്ദ്ര നഗരകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെയാണ് അറിയിച്ചത്. ബാക്കിയുള്ള 78 നഗരങ്ങളിലെ നിര്‍മ്മാണം മൂന്നു മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രാലയം അറിയിച്ചു.
പൗരന്മാര്‍ക്ക് മെച്ചപ്പെട്ട ജീവിതനിലവാരവും വൃത്തിയുള്ള അന്തരീക്ഷവും നല്‍കാനാണ് സ്മാര്‍ട്ട് സിറ്റി മിഷന്‍ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി 2015 -ല്‍ നൂറു നഗരങ്ങളെ കേന്ദ്ര നഗരകാര്യ മന്ത്രാലയം പുനർവികസനത്തിനായി തിരഞ്ഞെടുത്തിരുന്നു. അതില്‍ ഭോപ്പാൽ, ഇൻഡോർ, ആഗ്ര, വാരണാസി, ഭുവനേശ്വർ, ചെന്നൈ, കോയമ്പത്തൂർ, ഈറോഡ്, റാഞ്ചി, സേലം, സൂറത്ത്, ഉദയ്‌പൂർ, വിശാഖപട്ടണം, അഹമ്മദാബാദ്, കാക്കിനാഡ, പുനെ, വെല്ലൂർ, പിംപ്രി-ചിഞ്ച്‌വാഡ്, മധുരൈ, അമരാവതി, തിരുച്ചിറപ്പള്ളി, തഞ്ചാവൂർ എന്നിവയാണ് അടുത്ത മാസം നിര്‍മ്മാണം പൂർത്തീകരിക്കുന്ന സ്‌മാർട്ട് സിറ്റികൾ.
പദ്ധതിക്കായി കേന്ദ്രസർക്കാർ അഞ്ച് വർഷത്തിനുള്ളിൽ 48,000 കോടി രൂപയുടെ സാമ്പത്തിക സഹായമാണ് നൽകുന്നത്. ഒരു നഗരത്തിന് പ്രതിവർഷം ശരാശരി 100 കോടി രൂപ ലഭിക്കും. ഇതിന് തുല്യമായ തുക സംസ്ഥാന സർക്കാരോ, തദ്ദേശ സ്ഥാപനമോ സംഭാവന ചെയ്യും. അതേസമയം, സ്‌മാർട്ട് സിറ്റി പദ്ധതിക്കു കീഴിൽ കൂടുതൽ നഗരങ്ങൾ ചേർക്കുന്നതിനുള്ള ഒരു നിർദ്ദേശവും നിലവിൽ സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.