ഇന്ത്യയുടെ സമ്പത്ത് വ്യവസ്ഥ ഉയർച്ച താഴ്ചകയിലൂടെ കടന്നു പോവുകയാണ്. അനുദിനം വികസനത്തിലൂടെ കടന്നു പോകുകയാണ് എന്ന രാഷ്ട്രാധികാരികളുടെ അഭിപ്രായങ്ങൾ നിലനിൽക്കുമ്പോൾ തന്നെ ഇന്ത്യയുടെ സമ്പദ്ഘടനയിലേക്കുള്ള തുറന്ന വാതിലായി മാറുകയാണ് രാജ്യത്തെ സ്മാർട്ട്‌ഫോൺ വിപണി. ആപ്പിളിന്റെ അടുത്ത വലിയ വളർച്ചാ മേഖലയായി ഇന്ത്യയെ വിശേഷിപ്പിക്കുമ്പോഴും, രാജ്യത്തിന്റെ സ്മാർട്ട്‌ഫോൺ വിപണിയിൽ നിരാശയുടെ മേഘങ്ങൾ ഉരുണ്ടുകൂടുകയാണ്. രാജ്യത്തെ സ്മാർട്ട്ഫോൺ വിൽപ്പന 2019 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞതായാണ് കണക്കുകൾ പറയുന്നത്.
കഴിഞ്ഞ മാസം ഇന്ത്യയിൽ ആദ്യത്തെ രണ്ട് സ്റ്റോറുകൾ തുറന്ന ആപ്പിൾ അതിന്റെ വിപണി വിഹിതം വർധിപ്പിച്ചപ്പോൾ, വിലകുറഞ്ഞ ഫോണുകൾ വിൽക്കുന്ന ആപ്പിളിന്റെ എതിരാളികൾ തങ്ങളുടെ മോഡലുകൾ വിൽക്കാൻ പാടുപെടുകയാണ്. ഗവേഷണ സ്ഥാപനമായ ഇന്റർനാഷണൽ ഡാറ്റ കോർപ്പറേഷന്റെ (ഐഡിസി) കണക്കനുസരിച്ച്, ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ 31 മില്യൺ സ്മാർട്ട്ഫോണുകളാണ് ഇന്ത്യയിൽ എത്തിയത്. 2022 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഇത് 16% കുറവാണിത്.
രാജ്യത്തെ അസ്ഥിരമായ സമ്പദ്‌വ്യവസ്ഥയാണ് സ്മാർട്ട് ഫോണുകളുടെ ഡിമാൻഡ് കുറച്ചതെന്ന് ഐഡിസി വിലയിരുത്തുന്നു. അതേസമയം, ‘പ്രീമിയമൈസേഷൻ’, വിലകൂടിയ മോഡലുകളിലേക്കുള്ള സമ്പന്നരുടെ ഒഴുക്ക് വർധിക്കുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പ്രീമിയം വിഭാഗത്തിന്റെ വിൽപ്പന മുമ്പുള്ളതിനെ അപേക്ഷിച്ച് ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ ഏകദേശം ഇരട്ടിയായി.
എന്നിരുന്നാലും, ആപ്പിൾ, സാംസങ് തുടങ്ങിയ ബ്രാൻഡുകൾ ഈ പുതിയ മാറ്റത്തിൽ നിന്ന് പ്രയോജനം നേടി. ചൈനയുടെ ഷവോമി, റിയൽമി എന്നിവ പോലുള്ള കമ്പനികൾ നിർമ്മിക്കുന്ന വിലകുറഞ്ഞ ഹാൻഡ്‌സെറ്റുകളെയാണ് ഇത് ബാധിച്ചത്. ഉപയോക്താക്കൾ തങ്ങളുടെ പഴയ ഹാൻഡ്‌സെറ്റുകൾ അപ്‌ഗ്രേഡ് ചെയ്യാൻ കൂടുതൽ സമയമെടുക്കുന്നതാണ് വിപണിയെ ബാധിക്കാൻ കാരണമെന്ന് വിദഗ്ധർ പറയുന്നു.
ഈ അസ്ഥിരത സ്മാർട്ട് ഫോൺ വിപണിയെ മാത്രമല്ല, എൻട്രി ലെവൽ സ്കൂട്ടറുകൾ അടക്കമുള്ള വാഹനവിപണിയെയും മറ്റുള്ളവയെയും ബാധിച്ചിട്ടുണ്ട്. തീവ്ര കാലാവസ്ഥാ മാറ്റങ്ങളാൽ വഷളായ ഇന്ത്യയുടെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിൽ നടന്നുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെയും ഇത് പ്രതിഫലിപ്പിക്കുന്നുണ്ട്. കൂടാതെ, വർധിച്ച പലിശനിരക്കും പണപ്പെരുപ്പവും മൂലം ഇന്ത്യയിലെ ഉപഭോക്താക്കൾ ബുദ്ധിമുട്ടുകയാണ്.
2023 ലെ ആദ്യ മൂന്ന് മാസങ്ങളിൽ രാജ്യത്തിന്റെ സാമ്പത്തിക വളർച്ച 4.1% ആയി കുറഞ്ഞു. ഇത് ഒരു വർഷത്തെ ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്കാണെന്നാണ് ഔദ്യോഗിക കണക്കുകൾ കാണിക്കുന്നത്.