സൗദി അറേബ്യയിലെ അൽ-ജൌഫ് മേഖലയിൽ ആദ്യമായി മഞ്ഞുവീഴ്ച അനുഭവപ്പെട്ടു. ചരിത്രത്തിൽ ആദ്യമായാണ് ഈ പ്രദേശത്ത് ഇത്തരത്തിൽ മഞ്ഞുവീഴ്ച അനുഭവപ്പെടുന്നത്. വരണ്ട ഭൂപ്രകൃതിയെ മഞ്ഞുമൂടിയ നിലയിൽ കണ്ടതോടെ അതിന്റെ ചിത്രങ്ങളും മറ്റും സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി മാറുകയാണ്.
കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത കനത്ത മഴയും ആലിപ്പഴം വീഴ്ത്തിക്കൊണ്ടുള്ള ശക്തമായ കാറ്റും ഈ പ്രദേശത്ത് അനുഭവപ്പെട്ടിരുന്നു. അതിന്റെ ബാക്കിയായാണ് മഞ്ഞുവീഴ്ചയെന്ന് യു. എ. ഇ. കാലാവസ്ഥാകേന്ദ്രം അറിയിച്ചു. സൗദിയിലെ വടക്കൻ പർവതനിരകളിൽ നേരത്തെയും മഞ്ഞുവീഴ്ച ഉണ്ടായിട്ടുണ്ടെങ്കിലും അൽ-ജൗഫ് പ്രദേശത്തെ മരുഭൂമികളിൽ മഞ്ഞ് വീഴുന്നത് ഇതാദ്യമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ വെളിപ്പെടുത്തുന്നു.
സൗദി അറേബ്യയിൽ രൂക്ഷമാകുന്ന കാലാവസ്ഥാവ്യതിയാനത്തിനു കാരണം, അറബിക്കടലിൽ ഓമാൻ വരെയുള്ള ഭാഗങ്ങളിൽ മാറുന്ന കാലാവസ്ഥാപ്രതിഭാസങ്ങളാണ്. പൊതുവെ പരിചിതമല്ലാത്ത കാലാവസ്ഥകളിലൂടെയാണ് സൗദി അറേബ്യ കടന്നുപോകുന്നത്. അതിനാൽത്തന്നെ ജാഗ്രത പുലർത്താൻ ഭരണകൂടം ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.