Tuesday, November 26, 2024

സമൂഹമാധ്യമങ്ങളുടെ അമിതോപയോഗം: കുട്ടികളില്‍ വിഷാദമെന്ന് സര്‍വേ റിപ്പോര്‍ട്ട്

സമൂഹമാധ്യമങ്ങളുടെ അമിതോപയോഗം കുട്ടികളിലെ മടി, വിഷാദം തുടങ്ങിയവയ്ക്ക് കാരണമാകുന്നുണ്ടെന്ന് സര്‍വേ റിപ്പോര്‍ട്ട്. ഇന്ത്യയിലെ പ്രമുഖ കമ്മ്യൂണിറ്റി സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ലോക്കല്‍ സര്‍ക്കിള്‍സാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. രാജ്യത്തെ 296 ജില്ലകളില്‍ നടത്തിയ പഠനത്തില്‍ നിന്നാണ് സര്‍വ്വേ തയ്യാറാക്കിയിരിക്കുവന്നത്.

സമൂഹമാധ്യമങ്ങളില്‍ അധിക സമയം ചെലവഴിക്കുന്നത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് രക്ഷിതാക്കള്‍ ഭയക്കുന്നുണ്ട്. അതുകൊണ്ട് തന്നെ 18 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സമൂഹമാധ്യമങ്ങള്‍, ഒടിടി പ്ലാറ്റ്‌ഫോം, വീഡിയോ-ഓണ്‍ലൈന്‍ ഗെയ്മിങ്ങ് പ്ലാറ്റുഫോമുകള്‍ എന്നിവ ഉപയോഗിക്കുന്നതിന് രക്ഷിതാക്കളുടെ സമ്മതം ആവശ്യമാക്കുന്ന തരത്തിലുള്ള ഡേറ്റ സംരക്ഷണ നിയമം കൊണ്ടുവരണമെന്നാണ് നഗര പ്രദേശങ്ങളിലെയും നഗര സമീപ പ്രദേശങ്ങളിലെയും (20,000-50,000 ഇടയില്‍ ജനസംഖ്യയുളള പ്രദേശങ്ങള്‍) 73 ശതമാനം വരുന്ന മാതാപിതാക്കള്‍ ആവശ്യപ്പെടുന്നു.

ലോക്ഡൗണിന്റെ സമയത്ത് വിദ്യാലയങ്ങള്‍ അടച്ച് പൂട്ടുകയും വിദ്യാഭ്യാസം ഓണ്‍ലൈനുമായ സാഹചര്യത്തിലാണ് കൂടുതലായും കുട്ടികളില്‍ സമൂഹമാധ്യമങ്ങളോടുള്ള അമിതാസക്തി ആരംഭിച്ചതെന്ന് സര്‍വേ കണ്ടെത്തി. 2022ന് ശേഷം കുട്ടികള്‍ സ്‌കൂളിലേക്ക് പ്രവേശിച്ചെങ്കിലും ഇടവേളയുടെ സമയങ്ങളില്‍ ഇന്റര്‍നെറ്റ് ഉപയാഗം വര്‍ധിക്കുകയാണ്.

Latest News