കര്‍ഷക സമരവുമായി ബന്ധപ്പെട്ട അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്യാന്‍ കേന്ദ്രം ആവശ്യപ്പെട്ടതായി സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സ് (ട്വിറ്റര്‍). സമരവുമായി ബന്ധപ്പെട്ട നിരവധി അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്യാന്‍ ബിജെപി സര്‍ക്കാര്‍ ഉത്തരവിട്ടതായാണ് എക്‌സ് അറിയിച്ചത്. നിര്‍ദേശപ്രകാരം ചില അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തതായി അറിയിച്ച എക്‌സ് സര്‍ക്കാരിന്റെ നടപടിയെ ശക്തമായി എതിര്‍ക്കുന്നതായും പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ് ഇതെന്നും എക്‌സ് പറഞ്ഞു. തങ്ങളുടെ ഗ്ലോബല്‍ ഗവണമെന്റ് അഫയേഴ്‌സ് അക്കൗണ്ടിലൂടെയാണ് എക്‌സ് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവിനെപ്പറ്റി അറിയിച്ചത്.
എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ ചില അക്കൗണ്ടുകള്‍ക്കെതിരെയും പോസ്റ്റുകള്‍ക്കെതിരെയും നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. ഇത് ചെയ്തില്ലെങ്കില്‍ തടവും പിഴയും ഉള്‍പ്പടെയുള്ള ശിക്ഷ ലഭിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ ഭീഷണിപ്പെടുത്തിയതായും എക്‌സ് വ്യക്തമാക്കി. ഗവണ്‍മെന്റിന്റെ നടപടിക്കെതിരെ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തുവെങ്കിലും അതില്‍ തീരുമാനമായിച്ചില്ലയെന്നും എക്‌സ് പറഞ്ഞു. നിയമപരമായ കാരണങ്ങളാല്‍ എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ പരസ്യപ്പെടുത്തുന്നതില്‍ പരിമിതിയുണ്ടെന്നും പക്ഷേ ഈ കാര്യങ്ങള്‍ പൊതുജനങ്ങള്‍ അറിഞ്ഞിരിക്കണമെന്നതിനാലാണ് വിവരങ്ങള്‍ പങ്കുവെക്കുന്നതെന്നും എക്‌സ് കുറിപ്പില്‍ പറഞ്ഞു. നടപടി നേരിട്ട ആളുകള്‍ക്കും ഇതുസംബന്ധിച്ച വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും എക്‌സ് അറിയിച്ചു.
കര്‍ഷകമാര്‍ച്ചിനു നേരെ ക്രൂരമായ സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്. കര്‍ഷകര്‍ക്കു നേരെ നടന്ന പൊലീസ് ആക്രമണത്തില്‍ കഴിഞ്ഞ ദിവസം 21കാരനായ യുവകര്‍ഷകന്‍ കൊല്ലപ്പെട്ടിരുന്നു. പ്രതിഷേധങ്ങളെ ഏതുവിധേനയും അടിച്ചമര്‍ത്താനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തിന്റെ ഉദാഹരണമാണ് എക്‌സ് അക്കൗണ്ടുകള്‍ നീക്കം ചെയ്യാനുള്ള തീരുമാനവും.