Friday, January 31, 2025

കേരളത്തെ അന്നമൂട്ടിയ ജനതയെ ആട്ടിയോടിക്കുന്നു: മാര്‍ ജോസ് പുളിക്കല്‍

ജനിച്ചു വളര്‍ന്ന നാടും അദ്ധ്വാനിച്ച മണ്ണും തട്ടിപ്പറിച്ചെടുത്ത് നാടിനെയും നാട്ടുകാരേയും അന്നമൂട്ടിയ ജനതയെ ആട്ടിയോടിക്കുന്നുവെന്നും ബഫര്‍സോണ്‍ എന്ന പേരില്‍ ഒരു ജനതയെ ആക്രമിക്കുന്നത് അടിയന്തരമായി അവസാനിപ്പിക്കണമെന്നും കെ സി ബി സി ജസ്റ്റിസ് പീസ് ആന്റ് ഡവലപ്‌മെന്റ് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസ് പുളിക്കല്‍. കേരള സര്‍ക്കാരും പ്രതിപക്ഷവും ഇതിനായി ഉടനടി നടപടിയെടുക്കുകയും കര്‍ഷക ജനതയെ സംരക്ഷിക്കുവാന്‍ മുന്നോട്ട് വരുകയും ചെയ്യണമെന്ന് മാര്‍ ജോസ് പുളിക്കല്‍ ആവശ്യപ്പെട്ടു. കോട്ടയം ആമോസ് സെന്ററില്‍ വച്ച് നടന്ന കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറത്തിന്റെ നാല്പത്തൊന്നാമത് വാര്‍ഷികയോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു പിതാവ്.

കേരള സമൂഹത്തില്‍ ക്രൈസ്തവ ജനതയുടെ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്നും ഈ സമൂഹം അര്‍ഹിക്കുന്ന വളര്‍ച്ച കൈവരിക്കാനായിട്ടില്ലെന്നും യോഗം ഉത്ഘാടനം ചെയ്ത കേരള സംസ്ഥാന ക്രൈസ്തവ മൈനോറിറ്റി കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ. ബി. കോശി അഭിപ്രായപ്പെട്ടു. ഒരുമിച്ചു നിന്ന് അവകാശങ്ങള്‍ നേടിയെടുക്കാനാകണമെന്ന് അദ്ദേഹം പറഞ്ഞു. കാരിത്താസ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ പോള്‍ മൂഞ്ഞേലി, കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സി ണ്‍യായ അപ്പേട മുന്‍ മെമ്പര്‍ തോമസ് പാറയ്ക്കല്‍, എന്നിവര്‍ പങ്കെടുത്തു.

കേരളത്തിലെ മുപ്പത്തി രണ്ട് കത്തോലിക്കാ രൂപതകളുടെ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റികളുടെ ഡയറക്ടര്‍മാരായ വൈദികരും അത്മായ പ്രതിനിധികളും സമ്മേളനത്തില്‍ സംബന്ധിച്ചു. ഫാ. ജേക്കബ് മാവുങ്കല്‍ സ്വാഗതവും സി. ജെസ്സീന എസ്. ആര്‍. എ. നന്ദിയും പറഞ്ഞു. ചടങ്ങില്‍ ഏറ്റവും നല്ല പരിസ്ഥിതി സംരക്ഷണ സ്ഥാപനത്തിനുള്ള ഫാ. അബ്രാഹം മുത്തോലത്ത് ഫൗണ്ടേഷന്‍ നര്‍ച്ചര്‍ ഇക്കോളജി അവാര്‍ഡ് കോട്ടപ്പുറം ഇന്റഗ്രേററഡ് ഡവലപ്‌മെന്റ് സൊസൈറ്റിയും ഏറ്റവും നല്ല വാര്‍ഷിക റിപ്പോര്‍ട്ടിനുളള അവാര്‍ഡ് ഇരിഞ്ഞാലക്കുട സോഷ്യല്‍ ആക്ഷന്‍ ഫോറവും കരസ്ഥമാക്കി.

 

Latest News