ചന്ദ്രനില്‍ നിന്നും വെറും 25 കിലോമീറ്റർ അകലത്തിലുള്ള ചന്ദ്രയാൻ-3 ന്റെ സോഫ്റ്റ് ലാൻഡിംഗ് നാളെ വൈകിട്ട് 6.04-നു നടക്കും. പേടകം ചന്ദ്രനില്‍ ഇറക്കാന്‍ പ്രാപ്തമാണോയെന്ന് രണ്ടുമണിക്കൂര്‍ നിരീക്ഷിച്ചതിനുശേഷമാകും ലാന്‍ഡിംങ്. ഏതെങ്കിലും പ്രതികൂലസാഹചര്യങ്ങളുണ്ടായാല്‍ ലാന്‍ഡിങ് ആഗസ്റ്റ് 27-ലേക്ക് മാറ്റിവയ്ക്കുമെന്നും ഐ.എസ്.ആർ.ഒ അറിയിച്ചു.
രണ്ടാംഘട്ട ഡീബൂസ്റ്റിങ്ങും പൂർത്തിയായതോടെയാണ് ചന്ദ്രയാൻ-3 ന്റെ സോഫ്റ്റ് ലാൻഡിങ് നിമിഷത്തിനായി ശാസ്ത്രലോകം കാത്തിരിക്കുന്നത്. സെക്കൻഡിൽ രണ്ടു കിലോമീറ്ററോളം വേഗത്തിൽ സഞ്ചരിക്കുന്ന പേടകത്തെ സെക്കൻഡിൽ 1-2 മീറ്റർ വേഗത്തിലേക്ക് നിയന്ത്രിച്ചാണ് സോഫ്റ്റ് ലാൻഡിങ് നടത്തുക. ലാൻഡർ മൊഡ്യൂളിന്റെ അവസ്ഥയും ചന്ദ്രനിലെ സാഹചര്യവും അടിസ്ഥാനമാക്കിയായിരിക്കും ലാൻഡിങ്.
സോഫ്റ്റ് ലാൻഡിംഗിനുശേഷം ചന്ദ്രയാൻ പേടകം വഹിച്ചുകൊണ്ടുള്ള റോവർ, ചന്ദ്രന്റെ ഉപരിതലത്തിലിറങ്ങും. അതിനുശേഷം 14 ദിവസം പഠനം നടത്തും. ലാൻഡിങ്ങിനായി നിശ്ചയിച്ചിരിക്കുന്നത് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ 9.6 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള പ്രദേശമാണ്. ബെംഗളൂരുവിലെ ഐ.എസ്.ആർ.ഒ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക് (ഇസ്ട്രാക്) ഗ്രൗണ്ട് സ്റ്റേഷനാണ് പേടകത്തെ നിയന്ത്രിക്കുന്നത്.