ബ്രിട്ടനില്‍നിന്നുള്‍പ്പെടെ വിവിധ രാജ്യങ്ങളുടെ പ്രത്യേക സൈനികര്‍ യുക്രെയ്നിലെത്തി റഷ്യന്‍ അധിനിവേശത്തിനെതിരെ പൊരുതാനുണ്ടെന്ന് വെളിപ്പെടുത്തല്‍. ഓണ്‍ലൈനായി ചോര്‍ന്നുകിട്ടിയ അതിരഹസ്യ രേഖകളിലാണ് വിവരങ്ങളുള്ളത്. വിവിധ രാജ്യക്കാരുണ്ടെങ്കിലും എണ്ണത്തില്‍ വളരെ കുറവാണ് എല്ലാവരും. കൂടുതല്‍ പേരുള്ള യു.കെയില്‍നിന്ന് 50 പേര്, ലാറ്റ്വിയ- 17, ഫ്രാന്‍സ്- 15, യു.എസ്- 14, നെതര്‍ലന്‍ഡ്സ്- 1 എന്നിങ്ങനെയാണ് വിദേശ സൈനികരുടെ സാന്നിധ്യം.
ഇവര്‍ എവിടെയാണെന്നതടക്കം വിവരങ്ങള്‍ ചോര്‍ന്ന രേഖയിലില്ല. യുക്രെയ്നെതിരെ മാത്രമല്ല, നാറ്റോക്കെതിരെയാണ് തങ്ങളുടെ പോരാട്ടമെന്ന് അടുത്തിടെ റഷ്യ കുറ്റപ്പെടുത്തിയിരുന്നു. ഇത് സാധൂകരിക്കുന്നതാണ് പുതിയ റിപ്പോര്‍ട്ട്. ചോര്‍ന്നുകിട്ടിയ രഹസ്യ രേഖ യഥാര്‍ഥമാണെന്ന് പെന്റഗണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
യുക്രെയ്നില്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ എത്തിച്ച ആയുധങ്ങള്‍, അവയുടെ വിന്യാസം എന്നിവ ഉള്‍പ്പെടെ സുപ്രധാന വിവരങ്ങളുള്ളതാണ് ചോര്‍ന്ന രേഖകള്‍. നിലവില്‍ രാജ്യത്തിന്റെ വ്യോമപ്രതിരോധ ശേഷി കുറഞ്ഞുവരികയാണെന്നും റഷ്യക്കെതിരെ പിടിച്ചുനില്‍ക്കാനാകുന്നതല്ലെന്നും രേഖകള്‍ വ്യക്തമാക്കുന്നു. യുദ്ധത്തില്‍ 124,500നും 131,000നുമിടയില്‍ യുക്രെയ്ന് സൈനികര്‍ കൊല്ലപ്പെട്ടതായാണ് ഇതിലുള്ളത്. റഷ്യന്‍ ഭാഗത്താകുമ്പോള്‍ 189,500നും 223,000നും ഇടയിലും.