മറവിരോഗത്തിന് മരുന്നു വികസിപ്പിച്ച് അമേരിക്കന്‍ മരുന്നുകമ്പനി. ഡൊണനിമാബ് എന്നറിയപ്പെടുന്ന മരുന്ന് ‘എലി ലില്ലി’ എന്ന മരുന്നുകമ്പനിയാണ് വികസിപ്പിച്ചത്. നെതർലൻഡ്സിൽ നടന്ന അൾഷിമേഴ്സ് അസോസിയേഷൻ ഇന്റർനാഷനൽ കോൺഫറൻസിലാണ് കമ്പനി വിവരം പങ്കുവച്ചത്.
നേരത്തേയുള്ള മറവിരോഗത്തിന് പരിഹാരം കൂടിയാണിതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മരുന്ന് വികസിപ്പിക്കുന്നതിന്റെ ഭാഗമായുള്ള മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പൂർത്തിയായതായി കമ്പനി അറിയിച്ചു. “മറവിരോഗമുള്ളവർക്ക് പ്രതീക്ഷ പകരുന്നതാണ് ഡൊണനിമാബ്. രോഗികൾക്ക് പുതിയ ചികിത്സയ്ക്കുള്ള സാധ്യത അടിയന്തരമായി ലഭ്യമാക്കും” – എലി ലില്ലി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആനി വൈറ്റ് പറഞ്ഞു. അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ ജേണലും (ജാമ) ഡൊണനിമാബ് മരുന്നിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്.