ചില നടീ നടന്‍മാര്‍ സിനിമയില്‍ ആവശ്യമില്ലാത്ത പ്രശ്‌നമുണ്ടാക്കുന്നുവെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍. സിനിമയുടെ എഡിറ്റ് അപ്പോള്‍ അപ്പോള്‍ കാണിക്കണമെന്നാണ് ചിലര്‍ പറയുന്നത്. അവരെ മാത്രം അല്ല അവര്‍ക്ക് വേണ്ടപ്പെട്ടവരെയും കാണിക്കണം എന്ന് ആവശ്യപ്പെടും. ഒരേ സമയം പല സിനിമകള്‍ക്ക് ഡേറ്റ് നല്‍കുന്നവരാണ് ചിലരെന്നും ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.
പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ തീരുമാനങ്ങള്‍ക്കൊപ്പം ഫെഫ്ക്ക നില്‍ക്കുമെന്നും നിര്‍മ്മാതാക്കളുടെ സംഘടനക്ക് പരാതി കിട്ടിയിട്ടുണ്ടെന്നും ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചു. താരങ്ങള്‍ക്ക് ആവശ്യമുള്ള പോലെ റീ എഡിറ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്നു. ഇത്തരം ആവശ്യങ്ങള്‍ സംവിധായകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ആരൊക്കെയാണ് സഹകരിക്കാത്തതെന്ന് തങ്ങള്‍ പിന്നീട് വ്യക്തമാക്കുമെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
ഡബ്ബിങ് നടക്കുന്ന സിനിമയുടെ എഡിറ്റ് കാണിക്കാന്‍ ഒരു നടന്‍ ആവശ്യപ്പെട്ടു. ചിത്രീകരിച്ച ഭാഗങ്ങളുടെ എഡിറ്റ് കാണിച്ചാല്‍ മാത്രമേ തുടര്‍ന്ന് അഭിനയിക്കുകയുള്ളൂ എന്നാണ് പറഞ്ഞത്. പണം മുടക്കിയ നിര്‍മ്മാതാക്കളെ മാത്രമെ സിനിമയുടെ എഡിറ്റ് കാണിക്കൂ എന്നാണ് ഫെഫ്കയുടെ തീരുമാനം എന്നും ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. എന്നാല്‍ സര്‍ഗാത്മകമായ ചര്‍ച്ചകള്‍ക്ക് അവസരം നല്‍കുമെന്നും ബി ഉണ്ണികൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ എടുക്കുന്ന ഏത് തീരുമാനത്തോടും ഒപ്പം നില്‍ക്കും. ഇത്തരം പ്രശ്‌നങ്ങള്‍ നിരന്തരം സൃഷ്ടിക്കുന്നവരോട് തങ്ങളുടെ അവകാശങ്ങള്‍ ബലികഴിക്കാന്‍ സമ്മതമല്ല എന്നും വ്യക്തമാക്കുന്നു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ഫെഫ്ക നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.