ചില രാജ്യങ്ങളും സ്ഥാപനങ്ങളും ഇന്ത്യയെയും അതിന്റെ സര്‍ക്കാരിനെയും ദുര്‍ബലമാക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. കോണ്‍ഗ്രസും ഈ അഴിമതിയുടെ ഗുണഭോക്താക്കളാണെന്ന് അദ്ദേഹം പറഞ്ഞു.
നമ്മുടെ രാജ്യം അതിവേഗം മുന്നേറുമ്പോള്‍ ചില രാജ്യങ്ങളും ചില സ്ഥാപനങ്ങളും അത് ഇഷ്ടപ്പെടുന്നില്ല. ശക്തിയാര്‍ജ്ജിച്ച ഇന്ത്യയെ ഇഷ്ടപ്പെടാത്ത നിരവധി പേരുണ്ട്. രാജ്യവും അതിന്റെ സര്‍ക്കാരും ദുര്ബലമാകണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്, അതുവഴി അവര്‍ക്ക് എളുപ്പത്തില്‍ ലാഭമുണ്ടാക്കാന്‍ കഴിയും, വിജയനഗര ജില്ലയിലെ ഒരു പൊതുയോഗത്തില്‍ മോദി പറഞ്ഞു.
ആര്‍ക്കും വളച്ചൊടിക്കാന്‍ കഴിയാത്ത ഒരു ബി.ജെ.പി സര്‍ക്കാര്‍ നിലവിലുണ്ടെന്നതാണ് അവരുടെ ആശങ്ക, പ്രധാനമന്ത്രി പറഞ്ഞു. ‘ബിജെപിയെ തടയാന്‍ നിങ്ങള്‍ എത്ര ശ്രമിച്ചാലും ഇന്ത്യ ഒരു വികസിത രാജ്യമാകുമെന്ന് കോണ്‍ഗ്രസിനോടും സഖ്യകക്ഷികളോടും എനിക്ക് വ്യക്തമായി പറയാന്‍ ആഗ്രഹമുണ്ട്’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നില്ല, മറിച്ച് ബിജെപി ചെയ്ത എല്ലാ നല്ല പ്രവര്‍ത്തനങ്ങളും നിര്‍ത്തലാക്കുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ണാടകയില്‍ വ്യവസായങ്ങള്‍ വികസിപ്പിക്കാന്‍ ഞങ്ങള്‍ പ്രവര്‍ത്തിച്ചു, എന്നാല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം സൃഷ്ടിച്ചു. വൈദ്യുതി ഇല്ലെങ്കില്‍ വ്യവസായങ്ങള്‍ തകരും. വൈദ്യുതി ക്ഷാമം കര്‍ണാടകയിലെ വ്യവസായങ്ങളെ ബാധിച്ചു, മോദി ആരോപിച്ചു.