Monday, December 23, 2024

മക്കളുടെ നല്ല അച്ഛനാകാന്‍ സഹായിക്കുന്ന ചില മാര്‍ഗങ്ങള്‍ 

മക്കളും മാതാപിതാക്കളും ഒത്തുചേര്‍ന്ന് സന്തോഷമായി കഴിയുമ്പോഴാണ് ഒരു കുടുംബം സ്വര്‍ഗതുല്യമാകുന്നത്. കുഞ്ഞുങ്ങളുടെ കാര്യങ്ങള്‍ ഭാര്യമാര്‍ നോക്കിക്കോളുമെന്നു കരുതി ഭര്‍ത്താക്കന്മാര്‍ മാറിനില്‍ക്കരുത്. ഒരു കുഞ്ഞിന്റെ വളര്‍ച്ചയില്‍ ഇരുവര്‍ക്കും തുല്യമായ പങ്കാണുള്ളത്.

നല്ല അമ്മയാകാനുള്ള വഴി, കുഞ്ഞുങ്ങളെ എങ്ങനെ വളര്‍ത്താം തുടങ്ങി ധാരാളം കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെ നാം കാണാറുണ്ട്. എന്നാല്‍, എങ്ങനെ ഒരു നല്ല അച്ഛനാകാം, എങ്ങനെ ആയിരിക്കണം എന്നുള്ള നിര്‍ദേശങ്ങള്‍ കണ്ടിട്ടില്ല. അതിനാല്‍ അച്ഛന്മാര്‍ക്കായി, അച്ഛനാകാന്‍ ഒരുങ്ങുന്നവര്‍ക്കായി ചില മാര്‍ഗനിര്‍ദേശങ്ങള്‍ ഇതാ.

1. നല്ല ഭര്‍ത്താവ് ആകുക 

ഒരു നല്ല അച്ഛന്‍ ആകുക എന്നതിലേക്കുള്ള ആദ്യകടമ്പ ഒരു നല്ല ഭര്‍ത്താവാകുക എന്നതാണ്. ഇത് വിവാഹത്തിന്റെ സമയത്തുതന്നെ എടുക്കേണ്ട ഒരു തീരുമാനമാണ്. കുടുംബത്തോടൊപ്പം കുടുംബത്തിന്റെ ആവശ്യങ്ങളിലും പ്രതിസന്ധികളിലും വേദനകളിലും ചേര്‍ന്നുനിന്ന് അവര്‍ക്ക് ധൈര്യം പകര്‍ന്ന ഒരാളാണെങ്കില്‍ ഉറപ്പായും നിങ്ങള്‍ നല്ലൊരു അച്ഛന്‍ എന്ന വിശേഷണത്തിന് യോഗ്യനാണ്.

2. സമ്മര്‍ദങ്ങളെ അതിജീവിച്ചു മുന്നേറുക

ജീവിതത്തില്‍ സന്തോഷങ്ങളും സങ്കടങ്ങളും പ്രതിസന്ധികളും ഉണ്ടാവുക സാധാരണമാണ്. ആ ഒരു തിരിച്ചറിവില്‍ നിന്നുകൊണ്ട് എല്ലാ അവസ്ഥകളെയും സമചിത്തതയോടെ നേരിടുക. സമ്മര്‍ദങ്ങളുടെ നിമിഷങ്ങളില്‍ വീട്ടില്‍ കലഹങ്ങളുണ്ടാകാനുള്ള സാധ്യതകളുണ്ട്. അവയെ നയത്തില്‍ ഒഴിവാക്കാന്‍ ശ്രമിക്കണം. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള തുറന്ന സംസാരം അതിനു സഹായിക്കും.

3. ഭാര്യമാര്‍ക്ക് വിശ്രമം നല്‍കുക

ഭര്‍ത്താക്കന്മാരെ സംബന്ധിച്ചിടത്തോളം ജോലികഴിഞ്ഞ് വീട്ടിലെത്തി അത്യാവശ്യം പണികളൊക്കെ കഴിഞ്ഞാല്‍ വിശ്രമിക്കാം. എന്നാല്‍ ഭാര്യമാരെ സംബന്ധിച്ചിടത്തോളം ഉത്തരവാദിത്വങ്ങള്‍ ഏറെയാണ്. കുഞ്ഞുകുട്ടികളാണ് ഉള്ളതെങ്കില്‍ പറയുകയും വേണ്ട. ഇത്തരം അലച്ചിലുകള്‍ക്കിടയില്‍ അവര്‍ക്ക് വിശ്രമം നല്‍കാനും അവരെ ഒന്ന് ഫ്രീ ആക്കാനും ഭര്‍ത്താക്കന്മാര്‍ ശ്രമിക്കണം. കുഞ്ഞുങ്ങള്‍ക്കൊപ്പം ആയിരുന്നുകൊണ്ട് ഇടയ്ക്ക് അവരെ പുറത്തുപോകുന്നതിന്  അനുവദിക്കുക, രാത്രിയില്‍ കുഞ്ഞിനെ ഞാന്‍ നോക്കിക്കോളാം എന്നുപറഞ്ഞ് ആ ഉത്തരവാദിത്വം ഏറ്റെടുക്കുക തുടങ്ങിയവ ഭാര്യയ്ക്ക് ഭര്‍ത്താവിലുള്ള മതിപ്പ് കൂട്ടുകയും കുഞ്ഞുങ്ങള്‍ക്കുമുന്നില്‍ അച്ഛന്‍ ഒരു ഹീറോ, ഉറ്റസുഹൃത്ത് ഒക്കെ ആയി മാറുകയും ചെയ്യും.

4. കുഞ്ഞുങ്ങളോട് ആര്‍ദ്രത കാണിക്കുക

കുഞ്ഞുകുട്ടികളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് അച്ഛന്റെയും അമ്മയുടെയും കൂടെ ആയിരിക്കുക എന്നത് വളരെ സന്തോഷം നല്‍കുന്ന ഒരു കാര്യമാണ്. പെണ്‍കുട്ടികള്‍ക്ക് അച്ഛനോട് കൂടുതല്‍ അടുപ്പമുണ്ടാകും. അവരെ ഏറ്റവും സ്‌നേഹത്തോടെ ചേര്‍ത്തുനിര്‍ത്തുക, അവരെ സ്‌നേഹചുംബനങ്ങളാല്‍ പൊതിയുക, ചേര്‍ത്തുനിര്‍ത്തുക അങ്ങനെ അവര്‍ക്കൊപ്പം താന്‍ ഉണ്ടാകുമെന്ന വിശ്വാസം വളര്‍ത്തിയെടുക്കാം. കുട്ടികള്‍ക്കൊപ്പം കളിക്കുമ്പോഴും അവരോടൊപ്പം ആയിരിക്കുമ്പോഴും നമ്മള്‍ അറിയാതെതന്നെ ധാരാളം ആകുലതകളും നമ്മില്‍ നിന്ന് അകന്നുപോകും.

5. നിങ്ങള്‍ക്ക് എത്രത്തോളം സ്‌നേഹം കിട്ടണമെന്ന് ആഗ്രഹിക്കുന്നുവോ അത്രത്തോളം സ്‌നേഹിക്കുക

കൊടുക്കുന്തോറും കൂടുതല്‍ ലഭിക്കുന്ന ഒന്നാണ് സ്‌നേഹം. നിങ്ങള്‍ എന്ത് കുട്ടികള്‍ക്ക് കൊടുക്കുന്നുവോ അതാവും നിങ്ങള്‍ക്ക് തിരികെ ലഭിക്കുക. അതിനാല്‍, കുട്ടികള്‍ക്ക് നല്ല മാതൃകകള്‍ നല്‍കുക. അവരെ നന്നായി സ്‌നേഹിക്കുക. കുഞ്ഞുങ്ങള്‍ തെറ്റുകള്‍ ചെയ്യുമ്പോള്‍ സ്‌നേഹപൂര്‍വം അവരെ തിരുത്തുക. അമിതമായ ശിക്ഷണരീതികള്‍ ഒഴിവാക്കുക. അത് അച്ഛന്‍ എന്ന വ്യക്തിയില്‍ കുഞ്ഞിനു പേടി ഉണ്ടാക്കുകയേ ഉള്ളൂ. ഭാവിയില്‍ നല്ല രീതിയില്‍ വളരുന്നതിനുള്ള മാര്‍ഗങ്ങള്‍, നന്മകള്‍, മൂല്യങ്ങള്‍ ഓരോരോ കാര്യങ്ങളിലൂടെ പകര്‍ന്നുകൊടുക്കാന്‍ അച്ഛനു കഴിയണം.

6. പ്രാധാന്യം കൊടുക്കാം; മാതൃകയാകാം

ജീവിതത്തിലെ മറ്റു തിരക്കുകള്‍ക്കിടയിലും കുട്ടികള്‍ക്കൊപ്പം ചിലവിടാന്‍ സമയം കണ്ടെത്തുക എന്നത് പ്രധാനപ്പെട്ട ഒന്നാണ്. മറ്റെന്തിനെക്കാളും പ്രാധാന്യം നിങ്ങളുടെ കുടുംബത്തിനായിരിക്കണം.

കുഞ്ഞുങ്ങള്‍ അല്ലതും ചീത്തയും നന്മയും തിന്മയും പഠിക്കുന്നത് മാതാപിതാക്കളില്‍ നിന്നാണ്. അതിനാല്‍ അവര്‍ക്കുമുന്നില്‍ നല്ലൊരു മാതൃക നല്‍കാന്‍ അച്ഛനു കഴിയണം. കുട്ടികള്‍ക്കു മുന്നില്‍വച്ച് അരുതാത്ത കാര്യങ്ങള്‍ ചെയ്യതിരിക്കുക. ഓര്‍ക്കുക നിങ്ങളുടെ വിശ്വാസം, പ്രവര്‍ത്തി, ആശയങ്ങള്‍, വിജ്ഞാനം,  ഭക്തി, മാതൃക, ക്ഷമ ഇതെല്ലാം കുഞ്ഞുങ്ങള്‍ ഒപ്പിയെടുത്തുകൊണ്ടിരിക്കുകയാണ്.

മേല്പറഞ്ഞവ കുഞ്ഞുങ്ങള്‍ക്ക് പ്രിയപ്പെട്ട അച്ഛനാകാന്‍ സഹായിക്കുന്ന ഏതാനും ചില നിര്‍ദേശങ്ങള്‍ മാത്രമാണ്. നല്ല ഒരു അച്ഛനാകാനുള്ള നിങ്ങളുടെ ശ്രമങ്ങളില്‍ ഈ നിര്‍ദേശങ്ങള്‍ ഒരു മുതല്‍ക്കൂട്ടായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News