മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉള്‍പ്പെടെ 14 രാഷ്ട്രീയ നേതാക്കള്‍ രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. വൈസ് പ്രസിഡന്റും രാജ്യസഭാ ചെയര്‍മാനുമായ ജഗ്ദീപ് ധന്‍ഖറിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലാണ് പുതുതായി അംഗത്വമെടുത്ത എംപിമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്.
ആദ്യമായാണ് സോണിയാ ഗാന്ധി രാജ്യസഭാംഗമാകുന്നത്. രാജസ്ഥാനില്‍ നിന്ന് മത്സരിച്ചാണ് സോണിയാ ഗാന്ധി രാജ്യസഭയില്‍ എത്തിയത്. സഭാ നേതാവ് പിയൂഷ് ഗോയല്‍, കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരുടെ സാന്നിധ്യത്തിലാണ് അവര്‍ സത്യപ്രതിജ്ഞ ചെയ്തത്. പ്രിയങ്ക ഗാന്ധി വധേരയും ചടങ്ങില്‍ പങ്കെടുത്തു.
ഒഡീഷയില്‍ നിന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും സത്യപ്രതിജ്ഞ ചെയ്തു. കര്‍ണാടകയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളായ അജയ് മാക്കന്‍, സയ്യിദ് നസീര്‍ ഹുസൈന്‍, ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി നേതാവ് ആര്‍പിഎന്‍ സിംഗ്, പശ്ചിമ ബംഗാളില്‍ നിന്നുള്ള ബിജെപി അംഗം സമിക് ഭട്ടാചാര്യ എന്നിവരുള്‍പ്പെടെ 14 പേര്‍ രാജ്യസഭയില്‍ സത്യപ്രതിജ്ഞ ചെയ്തു.
ബിഹാറില്‍ നിന്നുള്ള അംഗമായി ജെഡിയുവിലെ സഞ്ജയ് കുമാര്‍ ഝായും ഒഡീഷയില്‍ നിന്നുള്ള ബിജെഡി അംഗങ്ങളായ സുഭാഷിഷ് ഖുന്തിയ, ദേബാശിഷ് സാമന്തരായ് എന്നിവരും രാജസ്ഥാനെ പ്രതിനിധീകരിച്ച് ബിജെപിയുടെ മദന്‍ റാത്തോഡ് ആര്‍എസ് അംഗമായും സത്യപ്രതിജ്ഞ ചെയ്തു.