ഭൂഗർഭഖനികളിൽ ഒളിച്ചുതാമസിക്കുന്ന തൊഴിലാളികൾക്കുള്ള വിഹിതം വെട്ടിക്കുറച്ച് ദക്ഷിണാഫ്രിക്ക. വടക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ സ്റ്റിൽഫോണ്ടെയിനിലെ ഒരു മൈൻഷാഫ്റ്റിൽ താമസിക്കുന്ന തൊഴിലാളികൾക്കുള്ള വിഹിതമാണ് സർക്കാർ കുറച്ചത്. ലെസോത്തോ, മൊസാംബിക് തുടങ്ങിയ അയൽരാജ്യങ്ങളിൽനിന്ന് രേഖകളില്ലാതെ എത്തിയവരും നാടുകടത്തപ്പെടുമെന്നു ഭയപ്പെടുന്നവരുമാണ് ഇപ്രകാരം ഖനികളിൽ താമസമാക്കിയിരിക്കുന്നത്.
ഇവർ നാടുകടത്തപ്പെടുമെന്ന ഭീതിയിൽ അധികാരികളുമായി സഹകരിക്കാൻ വിസമ്മതിക്കുകയാണ്. അനധികൃത ഖനിത്തൊഴിലാളികളെ ‘സമാ സമാ’ എന്നാണ് ഇവിടെ വിളിക്കുന്നത്. ഇവർ ഉപേക്ഷിക്കപ്പെട്ട ഖനികളിൽ താമസിക്കുന്നവരാണ്; ഒപ്പം അനധികൃത ഖനനത്തിൽ ഏർപ്പെടുകയും ചെയ്യുന്നു. ഇപ്രകാരം നാലായിരത്തോളം അനധികൃത തൊഴിലാളികൾ ഇവിടെയുണ്ട്.
അനധികൃത ഖനനത്തിലൂടെ ദക്ഷിണാഫ്രിക്കൻ സർക്കാരിന് ഓരോ വർഷവും നൂറുകണക്കിന് ദശലക്ഷം ഡോളർ വിൽപന നഷ്ടപ്പെടുന്നു. സമീപവർഷങ്ങളിൽ നിരവധി ദക്ഷിണാഫ്രിക്കൻ ഖനികൾ അടച്ചുപൂട്ടുകയും തൊഴിലാളികളെ പിരിച്ചുവിടുകയും ചെയ്തിരുന്നു. ഇതിനെ അതിജീവിക്കാനും ദാരിദ്ര്യത്തിൽനിന്നു രക്ഷപെടാനും ഖനിത്തൊഴിലാളികളും രേഖകളില്ലാത്ത കുടിയേറ്റക്കാരും ഉപരിതലത്തിനടിയിൽ പോയി സ്വർണ്ണം കുഴിച്ച് കരിഞ്ചന്തയിൽ വിൽക്കുന്നു.
ചിലർ മാസങ്ങളോളം ഭൂഗർഭത്തിൽ ചെലവഴിക്കുന്നു. ഖനിത്തൊഴിലാളികൾക്ക് ഭക്ഷണം, സിഗരറ്റ്, പാകം ചെയ്ത ഭക്ഷണം എന്നിവ വിൽക്കുന്ന ഒരു ചെറിയ വ്യാപാരശൃഖല പോലും ഇവിടെയുണ്ട്.