ദക്ഷിണാഫ്രിക്കൻ സ്കൂൾ കുട്ടികളിൽ പത്തിൽ എട്ടും പത്തുവയസ്സാകുമ്പോഴേക്കും വായിക്കാൻ ബുദ്ധിമുട്ടുന്നതായി ഒരു അന്താരാഷ്ട്ര പഠനം കണ്ടെത്തി. 2021-ൽ ആഗോളതലത്തിൽ 400,000 വിദ്യാർത്ഥികളുടെ വായനാശേഷി പരീക്ഷിച്ച ഇന്റർനാഷണൽ റീഡിംഗ് ലിറ്ററസി സ്റ്റഡിയിലെ കണ്ടെത്തൽ വിശകലനം ചെയ്തതിനു ശേഷം ആണ് ഈ വെളിപ്പെടുത്തൽ. 57 രാജ്യങ്ങളിലെ കുട്ടികളിൽ നടത്തിയ പഠനങ്ങൾക്ക് ശേഷമാണ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
57 രാജ്യങ്ങളിൽ ദക്ഷിണാഫ്രിക്ക അവസാന സ്ഥാനത്താണ്. ദക്ഷിണാഫ്രിക്കൻ കുട്ടികളിലെ നിരക്ഷരത 2016ൽ 78 ശതമാനത്തിൽ നിന്ന് 81 ശതമാനമായി ഉയർന്നു. കോവിഡിന്റെ ഫലമായി സ്കൂളുകൾ അടച്ചു പൂട്ടേണ്ടി വന്നതിന്റെ അനന്തര ഫലമായിട്ടാണ് ഇത് ചൂണ്ടികാണിക്കപ്പെടുന്നത്. രാജ്യത്തിന്റെ ഈ നിലവാരം നിരാശാജനകം ആണെന്നും ഒപ്പം ദാരിദ്ര്യം, അസമത്വം, അപര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ചരിത്രപരമായ വെല്ലുവിളികൾ രാജ്യത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായം അഭിമുഖീകരിക്കുകയാണെന്നും വിദ്യാഭ്യാസ മന്ത്രി ആംഗി മോത്ഷെഗ വ്യക്തമാക്കി.
81% ദക്ഷിണാഫ്രിക്കൻ കുട്ടികൾക്കും രാജ്യത്തെ 11 ഔദ്യോഗിക ഭാഷകളിൽ ഒന്നിലും വ്യക്തമായി വായിക്കാൻ കഴിയുന്നില്ലെന്ന് പഠനം വ്യക്തമാക്കുന്നു. മൊറോക്കോ, ഈജിപ്ത് എന്നിവയ്ക്കൊപ്പം, ഒമ്പതും പത്തും വയസ്സുള്ള കുട്ടികളുടെ സാക്ഷരതയിലും വായനാ ഗ്രാഹ്യത്തിലും ഉള്ള പ്രവണതകൾ നിരീക്ഷിക്കുന്നതിനുള്ള വിലയിരുത്തലുകളിൽ പങ്കെടുത്ത മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽ ഒന്നാണ് ദക്ഷിണാഫ്രിക്ക.
ഓരോ അഞ്ച് വർഷത്തിലും സ്കൂൾ വർഷാവസാനം നടത്തുന്ന ടെസ്റ്റുകളുടെ അടിസ്ഥാനത്തിൽ, പുതിയ പഠനം രാജ്യങ്ങളെ ആഗോള വിദ്യാഭ്യാസ ലീഗ് പട്ടികയിൽ ഉൾപ്പെടുത്തുന്നു. 587 എന്ന ശരാശരി സ്കോറോടെ സിംഗപ്പൂർ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തി. അവസാന സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയ്ക്ക് 288 പോയിന്റാണ് നൽകിയിരിക്കുന്നത്. വിലയിരുത്തിയ എല്ലാ രാജ്യങ്ങളിലും മൊത്തത്തിൽ, പെൺകുട്ടികൾ അവരുടെ വായനാ നേട്ടത്തിൽ ആൺകുട്ടികളേക്കാൾ മുന്നിലായിരുന്നുവെന്ന് പഠനം കാണിക്കുന്നു.