വിമതസേനയ്‌ക്കെതിരെ പോരാടാൻ സർക്കാരിനെ സഹായിച്ചുവരുന്ന തങ്ങളുടെ സൈന്യത്തെ കിഴക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽനിന്ന് പിൻവലിക്കുമെന്ന് പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കൻ നേതാക്കൾ. ധാതുസമ്പന്നമായ കിഴക്കൻ ഡി ആർ കോംഗോയുടെ വലിയ ഭാഗങ്ങളുടെ നിയന്ത്രണം ഈ വർഷം റുവാണ്ടൻ പിന്തുണയുള്ള എം 23 വിമതർ പിടിച്ചെടുത്തിരുന്നു. ഈ വിമതർക്കെതിരെ പോരാടുന്ന കോംഗോളിയൻ സൈന്യത്തെ പിന്തുണയ്ക്കുന്നതിനായി രണ്ടുവർഷം മുൻപാണ് സൈന്യത്തെ അയച്ചത്.
ജനുവരിയിൽ എം 23 മേഖലയിലെ ഏറ്റവും വലിയ നഗരമായ ഗോമ വിമതർ പിടിച്ചടക്കിയപ്പോൾ ദക്ഷിണാഫ്രിക്ക, മലാവി, ടാൻസാനിയ എന്നിവിടങ്ങളിൽ കുറഞ്ഞത് 19 സൈനികർ കൊല്ലപ്പെട്ടു. അതേതുടർന്ന് ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് ആളുകൾവീടുകൾ വിട്ട് പലായനം ചെയ്യുകയും ചെയ്തു. ഇപ്പോൾ പോരാട്ടം കൂടുതൽ വിശാലമായ പ്രാദേശിക സംഘർത്തിലേക്കു നീങ്ങുമോ എന്ന ആശങ്കയിലാണ്.
കിഴക്കൻ ഡി ആർ കോംഗോയിൽ എം 23 ശക്തിപ്രാപിക്കുന്നതു തുടരുകയും കഴിഞ്ഞ മാസം മേഖലയിലെ രണ്ടാമത്തെ വലിയ നഗരമായ ബുക്കാവു വിമതർ പിടിച്ചടക്കുകയും ചെയ്തിരുന്നു. എന്നാൽ സംഭവത്തിൽ സൈനികർ കൊല്ലപ്പെട്ടതിനെത്തുടർന്ന് ദക്ഷിണാഫ്രിക്കയുടെ വിന്യാസത്തെ പൊതുജനങ്ങളും പ്രതിപക്ഷവും രൂക്ഷമായി വിമർശിച്ചു.
“സ്ഥിതി അപകടകരമാണ്. പക്ഷേ ഇപ്പോഴുള്ള സമാധാനം നിലനിൽക്കുന്നു” എന്നാണ് പിന്മാറ്റം പ്രഖ്യാപിച്ചുകൊണ്ട് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമാഫോസ പറഞ്ഞത്. ദക്ഷിണാഫ്രിക്ക അത്തരമൊരു യുദ്ധത്തിനു തയ്യാറല്ല. മാനസികമായും സൈനികമായും രാഷ്ട്രീയമായും സാഡ്‌സി മേഖലയിലെ ഒരു രാജ്യവും ഈ യുദ്ധത്തിനു തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഈ പിന്മാറ്റം ദക്ഷിണാഫ്രിക്കയ്ക്കു മാത്രമല്ല, സാഡ്‌സിക്കും ഡി ആർ കോംഗോയ്ക്കും ഒരു തിരിച്ചടിയാണെന്ന് വിദഗ്ധർ പറയുന്നത്.