ദക്ഷിണ കൊറിയയിൽ ജനനനിരക്ക് കുറഞ്ഞുവരുന്ന സാഹചര്യത്തിൽ രാജ്യത്തുടനീളമുള്ള അൻപതോളം സ്‌കൂളുകൾ ആവശ്യത്തിന് വിദ്യാർഥികൾ ഇല്ലാത്തതിനാൽ അടച്ചുപൂട്ടാൻ സാധ്യതയുണ്ടെന്ന് പഠനം. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്കുകൾപ്രകാരം 17 നഗരങ്ങളിലെയും പ്രവിശ്യകളിലെയും 49 എലിമെന്ററി, മിഡിൽ, ഹൈസ്കൂളുകൾ 2025 ൽ അടച്ചുപൂട്ടപ്പെടും. 49 ൽ 38 എണ്ണം എലിമെന്ററി സ്കൂളുകളാണ്; എട്ട് മിഡിൽ സ്കൂളുകളും മൂന്ന് ഹൈസ്കൂളുകളും അടച്ചുപൂട്ടുകയാണെന്ന് ദി കൊറിയ ഹെറാൾഡ് റിപ്പോർട്ട് ചെയ്തു.
അടച്ചുപൂട്ടുന്ന സ്കൂളുകളിൽ 88 ശതമാനവും ഗ്രാമപ്രദേശങ്ങളിലാണെന്നും വിവരങ്ങൾ കാണിക്കുന്നു. ലോകത്തിലെ ഏറ്റവും കുറഞ്ഞ ജനനനിരക്കുള്ള രാജ്യങ്ങളിലൊന്നാണ് ദക്ഷിണ കൊറിയ. ജനസംഖ്യാ പ്രതിസന്ധിയെ ‘ദേശീയ അടിയന്തരാവസ്ഥ’ എന്ന് സർക്കാർ വിശേഷിപ്പിക്കുകയും അത് പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. സാമ്പത്തിക പ്രോത്സാഹനങ്ങളും ശിശുസംരക്ഷണ പിന്തുണയും വാഗ്ദാനം ചെയ്യുന്നതുമുതൽ തൊഴിൽ -ജീവിതസന്തുലിതാവസ്ഥ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള വിശാലമായ നയങ്ങൾ ആവിഷ്കരിക്കുന്നതുവരെ ഇതിൽ ഉൾപ്പെടുന്നു. എന്നിരുന്നാലും ഇവയൊന്നും കാര്യമായ മാറ്റമുണ്ടാക്കിയിട്ടില്ല.