Monday, April 21, 2025

യു എസ് താരിഫുകൾ മറികടക്കാൻ ഉദ്ദേശിച്ചുള്ള ലംഘനങ്ങൾ കണ്ടെത്തി ദക്ഷിണ കൊറിയ

ട്രംപിന്റെ കടുത്ത താരിഫുകളിൽ നിന്നും ഒഴിവാക്കാൻ വിദേശ ഉൽപന്നങ്ങളെ കൊറിയൻ കയറ്റുമതിയായി കാണിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് കണ്ടെത്തി ദക്ഷിണ കൊറിയ. ഇത്തരത്തിൽ ചൈനയിൽ നിന്നുള്ളവയെ മറച്ചുവയ്ക്കാനുള്ള ശ്രമങ്ങളാണ് കൂടുതലായും നടക്കുന്നത്. ദക്ഷിണ കൊറിയയുടെ കസ്റ്റംസ് ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മാസം നടത്തിയ ഒരു പ്രത്യേക അന്വേഷണത്തിനുശേഷം 29.5 ബില്യൺ വോൺ (20.81 മില്യൺ ഡോളർ) മൂല്യമുള്ള നിയമലംഘനങ്ങൾ നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് കൊറിയ കസ്റ്റംസ് സർവീസ് അറിയിച്ചു. ഇതിൽ 97% യു എസിലേക്കുള്ള കയറ്റുമതിയായിരുന്നു എന്നും റിപ്പോർട്ടിൽ എടുത്തുകാണിക്കുന്നു.

2024 ൽ ആകെ 34.8 ബില്യൺ വോൺ മൂല്യമുള്ള നിയമലംഘനങ്ങളാണ് ഉണ്ടായത്; ഇതിൽ 62% യു എസിലേക്കുള്ള കയറ്റുമതിയായിരുന്നു. ജനുവരിയിൽ അധികാരമേറ്റ ട്രംപ്, ഫെബ്രുവരി മുതൽ ചൈനയുടേതുൾപ്പെടെ വിവിധ ഉൽപന്നങ്ങൾക്കും രാജ്യങ്ങൾക്കും ഗണ്യമായ തീരുവ ചുമത്തിയിട്ടുണ്ട്. അപകടസാധ്യതകൾ വർധിക്കുമെന്നു മുൻകൂട്ടിക്കണ്ട്, നിയമവിരുദ്ധ കയറ്റുമതി തടയുന്നതിനായി അധികൃതർ മുൻകൂർ അന്വേഷണം നടത്തിയിരുന്നു.

ആദ്യപാദം മുതൽ ട്രംപിന്റെ താരിഫ് ഒഴിവാക്കുന്നതിനായുള്ള ഇത്തരം പ്രവണതകൾ ശ്രദ്ധയിൽപെട്ടിരുന്നതായും അവർ കണ്ടെത്തി. ദക്ഷിണ കൊറിയൻ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇതേക്കുറിച്ച് യു എസ് ഉദ്യോഗസ്ഥരുമായി സംയുക്ത ചർച്ചകൾ നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News