പട്ടാള നിയമം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റിനെ പാർലമെന്റ് ഇംപീച്ച് ചെയ്തു. 300 അംഗ പാർലമെന്റിൽ 204 അംഗങ്ങൾ ഇംപീച്ച്മെന്റിന് അനുകൂലമായി വോട്ടു ചെയ്തു. ഭരണകക്ഷി അംഗങ്ങളും പ്രസിഡന്റിന് എതിരായതോടെയാണ് ഇംപീച്ച്മെന്റ് നടന്നത്.
പ്രസിഡന്റിനെതിരെ തെരുവുകളിൽ പ്രതിഷേധം ശക്തമാകുന്നതിനെ തുടർന്നാണ് ഇംപീച്ച്മെന്റ്. കഴിഞ്ഞയാഴ്ച നടന്ന ഇംപീച്ച്മെന്റ് ശ്രമത്തെ യൂൻ സുക് യോൽ അതിജീവിച്ചിരുന്നു. അന്ന് ഭരണകക്ഷി അംഗങ്ങൾ സഭാ നടപടികൾ ബഹിഷ്ക്കരിച്ചതിനെ തുടർന്നാണ് അദ്ദേഹം ആദ്യ ശ്രമത്തെ അതിജീവിച്ചത്.
പ്രതിപക്ഷം ഉത്തര കൊറിയയോട് ആഭിമുഖ്യം പുലർത്തുന്നതായും സമാന്തര സർക്കാർ ഉണ്ടാക്കി ഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്നതായി അർപ്പിച്ചുകൊണ്ടാണ് പ്രസിഡന്റ് സൈനിക നിയമം കൊണ്ടുവരാൻ ശ്രമിച്ചത്. എന്നാൽ ഇത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. ഇംപീച്ച് ചെയ്തതോടെ പ്രസിഡന്റിന്റെ അധികാരങ്ങൾ റദ്ദാക്കപ്പെട്ടു. ഇനി ഇദ്ദേഹത്തിന് ഇംപീച്ച്മെന്റിനെതിരെ ഭരണഘടനാ കോടതിയെ സമീപിക്കാൻ കഴിയും.