ദക്ഷിണ കൊറിയയിൽ ലാൻഡിങ്ങിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി സുരക്ഷാവേലിയിലിടിച്ച് അഗ്നിക്കിരയായി. ബാങ്കോക്കിൽ നിന്ന് 181 പേരുമായി സഞ്ചരിച്ച ജെജു എയർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് ഇതുവരെ 85 പേരുടെ മരണം സ്ഥിരീകരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഇനിയും മരണ സംഖ്യ ഉയരാൻ സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ട്.
പ്രാദേശിക സമയം രാവിലെ 09.07-നായിരുന്നു അപകടം. 175 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം സുരക്ഷാവേലിയിൽ ഇടിച്ച് കത്തിയമരുകയായിരുന്നു. വിമാനത്തിലെ 175 യാത്രക്കാരിൽ 173 പേർ ദക്ഷിണ കൊറിയൻ പൗരൻമാരും രണ്ടുപേർ തായ്‌ലൻഡ് സ്വദേശികളുമാണെന്ന് അധികൃതർ അറിയിച്ചു.
അപകടത്തിൽപ്പെട്ട വിമാനത്തിൽ നിന്ന് രണ്ടുപേരെ ജീവനോടെ പുറത്തെടുത്തിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.